ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ഒരാൾ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കോതമംഗലത്ത് ഒരാൾ അറസ്റ്റിൽ. ഗ്ലോബൽ ടൂർ ഗൈഡൻസ് ഉടമയും തിരുവനന്തപുരം സ്വദേശിയുമായ ജോൺസൺ ഗോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പലരിൽ നിന്നായി 30 ലക്ഷത്തോളം രൂപയണ് ഇയാൾ തട്ടിയെടുത്തത്. 

കോതമംഗലം സ്വദേശിയായ ബേസിലിന് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് അറസ്റ്റിലായ ജോണ്‍സൺ 50000 രൂപ വാങ്ങിയിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ബേസിൽ പൊലീസിൽ പരാതി നൽകി. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ജോൺസൺ ഗോമസിനെ തന്ത്രപരമായി പൊലീസ് പിടികൂടുകയായിരുന്നു. 

ജോൺസൺ ഗോമസ് അറസ്റ്റിലായെന്ന് അറിഞ്ഞതോടെ തട്ടിപ്പിനിരയായ നിരവധിപേർ പരാതിയുമായി രംഗത്തെത്തി. തിരുവനന്തപുരം , എറണാകുളം, കോതമംഗലം എന്നിവടങ്ങളിൽ ശാഖയുള്ള ഗ്ലോബൽ ടൂർ ഗൈഡൻസിന്റെ തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ടാകുമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഊന്നുകൽ ,പോത്താനിക്കാട് എന്നീ സ്റ്റേഷനുകളിൽ രണ്ട് കേസുകൾ കൂടി ജോൺസനെതിരെ രജിസ്റ്റർ ചെയ്തു.