കോഴിക്കോടിലെ ബൈക്ക് കവര്‍ച്ചയ്ക്ക് പിന്നില്‍ ലഹരികടത്തു സംഘം

കോഴിക്കോട് നഗരത്തില്‍ വര്‍ധിച്ചുവരുന്ന ബൈക്ക് കവര്‍ച്ചയ്ക്ക് പിന്നില്‍ ലഹരികടത്തു സംഘമെന്ന് രഹസ്യാന്വേഷണ വിഭാഗം. ഇതിന് തെളിവായി മൂന്നിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രണ്ട് കോളജ് വിദ്യാര്‍ഥികളുള്‍പ്പെടെ ആറുപേര്‍ക്കായുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേര്‍ റോഡില്‍ ബൈക്ക് വച്ച ശേഷം കാത്തു നിന്നു. ഒരാൾ ബൈക്കിനരികിലേയ്ക്കിരുന്നു. സുരക്ഷിതമായി പൂട്ടി സൂക്ഷിച്ചിരുന്ന ബൈക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റൊരാള്‍ ഓടിച്ചുപോകുന്നു. 20 മിനിറ്റിനുള്ളിൽ യുവാക്കളുടെ വരവും മോഷണവും മടക്കവും കഴിഞ്ഞു. നഗരത്തിലൊരിടത്തും ബൈക്ക് സുരക്ഷിതമായി സൂക്ഷിക്കാനാകുന്നില്ല എന്നതിന്റെ നേര്‍ചിത്രമാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ പത്ത് പൊലീസ് സ്റ്റേഷനുകളിലായി 19 ബൈക്ക് കവര്‍ച്ചയുണ്ടായി. ഇതില്‍ ഏഴ് ബൈക്കുകളും പിന്നീട് വിവിധയിടങ്ങളിലായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതിന്റെ ഉള്ളറകളിലേയ്ക്ക് പൊലീസ് നീങ്ങിയപ്പോഴാണ് കുട്ടിക്കവര്‍ച്ചക്കാരുടെ കൈകളുണ്ടെന്ന് തെളിഞ്ഞത്. 

കുട്ടി മോഷ്ടാക്കളില്‍ നാലുപേരെ അടുത്തിടെ പൊലീസ് പിടികൂടി. എന്നിട്ടും കവര്‍ച്ച തുടര്‍ക്കഥയായി. പിടിയിലായവരുടെ പല സുഹൃത്തുക്കളും ഇപ്പോഴും നഗരത്തില്‍ പൊലീസിനെ വെട്ടിച്ച് കഴിയുന്നുണ്ടെന്ന് വ്യക്തം. നഗരത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ബൈക്ക് പലപ്പോഴും ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരിക്കും. ഇത്തരത്തിലുള്ള കുറ്റകൃത്യം വർധിച്ചതോടെയാണു പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബൈക്ക് തിരികെ കിട്ടുന്നതിനാല്‍ പലപ്പോഴും കവര്‍ച്ചയുമായി ബന്ധപ്പെട്ട പരാതിയില്‍ തുടര്‍ച്ചയുണ്ടാകില്ല. 

ബൈക്ക് തിരികെ കിട്ടുമ്പോൾ ടാങ്കിൽ തുള്ളി ഇന്ധനമുണ്ടാകില്ല. അത്യാവശ്യക്കാരൻ എടുത്തിട്ടു തിരികെ വച്ചതാണെന്നാണു പലരും കരുതുക. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. ബൈക്ക് മോഷണത്തിനു പിന്നില്‍ ലഹരി കടത്താണ്. നഗരത്തിലെ വിദ്യാർഥികൾക്കുള്‍പ്പെടെ ലഹരി എത്തിച്ചു നൽകുന്ന സംഘങ്ങളാണു മറ്റുള്ളവരുടെ ബൈക്ക് ഈ ആവശ്യത്തിന് ഉപയോഗിക്കുന്നത്. ലഹരി വസ്തു കൈമാറിയശേഷം സുരക്ഷിതമായി അകലത്തിൽ ബൈക്ക് നിർത്തും. ലഹരി കടത്തിന് ഉപയോഗിച്ചു എന്നു സംശയം തോന്നി പൊലീസ് പിന്നാലെ വരാതിരിക്കാൻ പെട്രോൾ മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം ബൈക്ക് ഉപേക്ഷിച്ചു കടക്കും. പെട്രോൾ തീർന്നതിനാൽ മോഷ്ടാവ് ബൈക്ക് ഉപേക്ഷിച്ചു രക്ഷപ്പെട്ടെന്നേ ആരും കരുതൂ.

ബൈക്കിലെത്തിയുള്ള മാല കവര്‍ച്ചയും വിലകൂടിയ ബൈക്കിനോടുള്ള ഇഷ്ടവും യുവാക്കളെ ഇത്തരത്തിലുള്ള കവര്‍ച്ചയ്ക്ക് പ്രേരിപ്പിക്കുന്നതായി പൊലീസ് പറയുന്നു. നഗരത്തിലെ മൂന്നിടങ്ങളില്‍ നിന്ന് ബൈക്ക് കവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ദൃശ്യങ്ങളിലുള്ളവരെക്കുറിച്ചും പൊലീസിന് തെളിവുകള്‍ കിട്ടി. ഇക്കാര്യങ്ങള്‍ പരിശോധിച്ചാണ് കവര്‍ച്ചയുടെ ലക്ഷ്യം ലഹരികടത്തെന്ന സ്ഥിരീകരണത്തിലേയ്ക്കെത്തിയത്.