ഫ്ലാഷ് മോബ് നടത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ പ്രചാരണം; കേസെടുത്തു

എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ചാനലുകളും സമൂഹമാധ്യമങ്ങളും നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വമേധയ ആണ് പൊലിസ് കേസെടുത്തത്. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. 

ഡിസംബർ ഒന്നിന് ആരോഗ്യവകുപ്പിന്റെ ജില്ലാതല എയ്ഡ്സ് ബോധവൽക്കരണ റാലിയുടെ ഭാഗമായിട്ടായിരുന്നു ഫ്ലാഷ് മോബ് നടത്തിയത്.പെണ്‍കുട്ടികള്‍ നഗരമധ്യത്തില്‍ നൃത്തംവച്ചതിരെ വലിയ രീതിയിലാണ് പ്രാചാരണങ്ങള്‍ നടന്നത്.ചാനലുകളും സമൂഹമാധ്യമങ്ങളും നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതും എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തതും.ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.വിഭാഗീയതയും കലാപവുമുണ്ടാക്കാനുള്ള ശ്രമം, സ്ത്രീകൾക്കെതിരായ അപവാദപ്രചാരണം, അശ്ലീല പദപ്രയോഗം തുടങ്ങിയവയ്ക്കെതിരായ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.ഇതിനു പുറമെ ഐ.ടി ആക്ടിലെ വിവിധ വകുപ്പുകളും ചേര്‍ക്കും.

സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ചുവരികയാണ്.ഇതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളല്‍ കൂടുതല്‍പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തേക്കും. എം.ആര്‍ വാക്സിനേഷനെതിരെ പ്രചാരണം നടത്തുന്നവര്‍ ഇതിനു പിന്നിലുണ്ടോ എന്നും പൊലിസ് സംശയിക്കുന്നുണ്ട്.അത്തരം അക്കൗണ്ടുകളും പൊലിസ് നിരീക്ഷിക്കുന്നുണ്ട്.ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണ് ഫ്ലാഷ് മോബിലൂടെ പ്രകടമാകുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഈ പ്രചാരണങ്ങള്‍ക്കെതിരെ ഫ്ലാഷ് മോബ് നടത്തി വിവിധ സംഘടനകള്‍ പ്രതിഷേധം അറിയിച്ചിരുന്നു.