'അരുത് ബ്രോ...'; ലഹരി വിരുദ്ധ പ്രചാരണത്തിന് പിന്തുണയുമായി വിദ്യാർഥികൾ

സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണത്തിനു പിന്തുണയുമായി നാടകവും ഫ്ലാഷ് മോബുമൊരുക്കി എണ്ണൂറാംവയൽ സി.എം.എസ്. സ്കൂള്‍ വിദ്യാര്‍ഥികള്‍. നൂറിലധികം കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

അരുത്.. ബ്രോ... അതാണ് പരിപാടിയുടെ പേര്. ചടുലമായ ചുവടുകളിലൂടെയും ഹൃദയസ്പർശിയായ ഭാവങ്ങളിലൂടെയും കുരുന്നുകൾ കേണപേക്ഷിക്കുകയാണ് . ലഹരി വസ്തുക്കൾ ഉപയോഗിക്കരുത് ഉപയോഗിക്കാൻ അനുവദിക്കരുത്...  വെച്ചൂച്ചിറ എണ്ണൂറാംവയൽ  സി എം എസ് എൽ പി സ്കൂളിലെ നല്ല പാഠം കുരുന്നുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. വെച്ചൂച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ നാടകവും ഫ്ലാഷ് മോബുമവതരിപ്പിച്ചു . വെച്ചൂച്ചിറ ചന്ത, കവല, കൂത്താട്ടുകുളം, ചാത്തൻതറ, എന്നീ കേന്ദ്രങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും പൊതുജനങ്ങളുമുൾപ്പെടെ നൂറു കണക്കിനാളുകൾ പരിപാടി കാണാനെത്തി. 

വെച്ചൂച്ചിറ ജന മൈത്രി പോലീസിന്റെ സഹകരണത്തോടെയാണ്  പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിപാടിയിൽ കാഴ്ചക്കാരായ നാട്ടുകാരും ലഹരിവിരുദ്ധ പ്രതിഞ്ജയെടുത്തു.