മലയാളി വിദ്യാർഥികൾ ലഹരി മാഫിയയുടെ വലയിൽ

തമിഴ്നാട്ടിലെ സ്വാശ്രയ കോളജുകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾ ലഹരി മാഫിയയുടെ വലയിൽ കുരുങ്ങുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പാലക്കാട് ഒറ്റപ്പാലത്ത് പിടികൂടിയത് ഏഴു വിദ്യാർത്ഥികളെയാണ്. ട്രെയിൻ മാർഗമുള്ള ലഹരികടത്ത് തടയാൻ പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് വിദ്യാര്‍ഥികളെ കുടുക്കിയത്. 

തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് തെക്കൻ കേരളത്തിലേക്കും മലബാറിലേക്കും ട്രെയിൻ മാർഗം കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഒറ്റപ്പാലം, ഷൊർണൂർ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശോധനയ്ക്ക് പ്രത്യേകസംഘം രൂപീകരിച്ചത്. റയില്‍വേ സുരക്ഷാസേനയുടെ സഹായത്തോടെ പാലക്കാട്് നിന്ന് തുടങ്ങിയ പരിശോധനകളിലാണ് വിവിധ ട്രെയിനുകളിൽ നിന്നായി ഏഴു പേർ പിടിയിലായത്. നാലര കിലോ കഞ്ചാവും പിടിച്ചെടുത്തു. രണ്ടു പൊലീസ് സ്റ്റേഷനുകളിലും നാലു വീതം കേസുകളാണ് രജിസ്റ്റർ ചെയ്തിക്കുന്നത്. 

അവധിക്കു നാട്ടിൽ പോകുന്ന വിദ്യാർഥികളാണ് ലഹരിമാഫിയയുടെ കെണിയിൽപ്പെടുന്നത്. ഒരു കിലോ കഞ്ചാവ് ലക്ഷ്യസ്ഥാനത്തെത്തിക്കാൻ 5000 രൂപയാണു പ്രതിഫലം. പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാര്‍ഥികള്‍ തന്നെയാണ് മനോനില തകരാറിലാകും വിധം ലഹരിക്ക് അടിമപ്പെടുന്നത്. വിദ്യാര്‍ഥികളായതിനാല്‍ പരിശോധനയില്ലെന്ന വിചാരത്തില്‍ കഞ്ചാവ് ഒളിപ്പിച്ചു കടത്തുക പതിവാണ്. എന്നാല്‍ അപ്രതീക്ഷിതമായുളള പരിശോധനകള്‍ വിദ്യാര്‍ഥികളെ കുടുക്കുന്നു. നിരവധിപേര്‍ക്ക് കേസും തടവുമായി കോടതി കയറേണ്ടി വരുന്നു. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശമാക്കിയതായി പ്രത്യേക പൊലീസ് സംഘം അറിയിച്ചു.