സത്താറിന്റെ ജ്യൂസിന് വൻ ഡിമാൻഡ്; പൊലീസിനെ അറിയിച്ച് നാട്ടുകാർ; കണ്ടെത്തിയത് ‘കൂൾ’

കാഞ്ഞങ്ങാട് ജ്യൂസ് വിൽപനയുടെ മറവിൽ നിരോധിത പാൻ ഉൽപന്നമായ ‘കൂൾ’ വിൽപന നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹൊസ്ദുർഗ് മീനാപ്പീസിനടുത്ത് ജ്യൂസ് കടയായ ഹാരിസ് ബീച്ച് സ്റ്റോറിലെ ജീവനക്കാരൻ ഹൊസ്ദുർഗ് മീനാപ്പീസ് കടപ്പുറത്തെ അബ്ദുൽ സത്താ(48)റാണ് അറസ്റ്റിൽ ആയത്. ഈ കടയിൽ ജ്യൂസ് കുടിക്കാനായി ദൂര സ്ഥലങ്ങളിൽ നിന്നും വിദ്യാർഥികൾ അടക്കമുള്ള ആളുകൾ എത്തുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കടയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി പൊലീസ് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. 

കഴിഞ്ഞ രാത്രി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെയും ഇൻസ്പെക്ടർ കെ.പി.ഷൈനിന്റെയും നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കടയിലെ ജീവനക്കാരുടെ കയ്യിൽ നിന്നും നിരോധിത പാൻ ഉൽപന്നമായ 'കൂൾ ' കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. കടയുടെ ലൈസൻസ് റദ്ദാക്കാൻ നഗരസഭയ്ക്കു റിപ്പോർട്ട് സമർപ്പിക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി അറിയിച്ചു.