കേരളത്തിലെ 44 നദികളിലെയും വെള്ളവും മണലും നെബുവിന്റെ കയ്യിൽ ഭദ്രം

ഇന്ന് ലോക നദി ദിനം. കേരളത്തിലെ 44 നദികളിലെയും വെള്ളവും മണലും ശേഖരിച്ച് വച്ചിരിക്കുകയാണ് കോഴഞ്ചേരി സ്വദേശി നെബു തടത്തിൽ. നദീ സംരക്ഷണമെന്ന സന്ദേശം പകരുകയാണ് ലക്ഷ്യമെന്ന് അദേഹം പറയുന്നു.

പെയിന്റ് വ്യാപാരിയാണ്. പക്ഷെ പ്രകൃതി സംരക്ഷണമെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ജീവിതത്തിന്റെ നല്ലാരു പങ്കും ചെലവഴിക്കുന്നത്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 44 നദികളിലേയും വെള്ളവും മണലും ശേഖരിച്ച് കുപ്പികളിലാക്കിയത്. മൂന്ന് അടപ്പുകൾ ചുവപ്പാണ്. കിഴക്കോട്ടൊഴുകുന്ന നദികളിലെ ജലമാണിത്. 2016 ലാണ് വെള്ളവും മണലും ശേഖരിച്ചത്. തട്ടിപ്പാണെന്ന് പറയാതിരിക്കാൻ ഓരോ നദിയിൽ നിന്നും വെള്ളമെടുക്കുന്നതിന്റെ ചിത്രങ്ങൾ ആൽബമാക്കി വച്ചിട്ടുണ്ട്. 

കുപ്പിയുടെ പുറത്ത് നദിയുടെ വിവരങ്ങളുമുണ്ട്. നദികളിലെ മാത്രമല്ല 31 കായലുകളിലെ വെള്ളവും ശേഖരിച്ചിട്ടുണ്ട്. ഇതുമായി സ്കൂളുകളിലടക്കം പ്രദർശനം നടത്താറുണ്ട്. നദിയും വെള്ളവുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും വെട്ടി സൂക്ഷിക്കും. നദീസംരക്ഷണത്തിന്‍റെ പ്രാധാന്യം പറയുന്ന പോസ്റ്ററുകളുമായാണ് പ്രദര്‍ശനം.