അറുപതോളം മരണങ്ങൾ; മലവെള്ളം, ചതിച്ചുഴികൾ; എന്തുകൊണ്ടു ഈ പുഴ അപകടകാരി

കോഴിക്കോട്: മൊയ്തീൻ–കാഞ്ചനമാല പ്രണയകഥയിലെ വില്ലൻ ഇരുവഞ്ഞിപ്പുഴയ്ക്ക് ഇന്നും ജീവനെടുത്ത് മതിവരുന്നില്ല. ദിനംപ്രതിയെന്നോണം ദുരന്തങ്ങളുണ്ടായിട്ടും പുഴയിലിറങ്ങുന്നവർ ഇനിയും പാഠം പഠിക്കുന്നുമില്ല. ദിവസങ്ങളുടെ ഇടവേളയ്ക്കിടെയുണ്ടായ മൂന്ന് അപകടങ്ങൾ കണ്ട് വിറങ്ങലിച്ച നാട്ടുകാർ ഇപ്പോൾ കൈ കൂപ്പി സഞ്ചാരികളോട് യാചിച്ചു തുടങ്ങിയിരിക്കുന്നു– ‘പുഴ കണ്ടോളൂ, ഇറങ്ങരുത്!’. 

തിരുവമ്പാടി തോട്ടത്തിൻ കടവിൽ യുവതി മുങ്ങി മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ കുട്ടി രക്ഷപ്പെട്ടു. അതിനു മണിക്കൂറുകൾക്കു മുൻപ് മലവെള്ളപ്പാച്ചിലിൽ പുഴയ്ക്കു നടുവിലെ തുരുത്തിൽ കടുങ്ങിയ 3 യുവാക്കൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം. 5 ദിവസം മുൻപ് പതങ്കയത്ത് കാണാതായ കൊണ്ടോട്ടി സ്വദേശി ആഷിക്കിനായി പുഴയിൽ തിരച്ചിൽ നടക്കുമ്പോഴാണ് ഇതെല്ലാം.

അറുപതോളം മരണങ്ങൾ 

ഇരുവഞ്ഞിയിൽ വെള്ളരിമല മുതൽ പുല്ലൂരാമ്പാറവരെ പാറക്കൂട്ടങ്ങളും ശക്തമായ ഒഴുക്കുമായി കിടക്കുന്ന മേഖലയിൽ ഇതുവരെ 60 ജീവനെങ്കിലും പൊലിഞ്ഞിട്ടുണ്ടെന്ന് നാട്ടുകാർ. 30 വർഷം മുൻപ് റീജനൽ എൻജിനീയറിങ് കോളജിലെ (ഇന്നത്തെ എൻഐടി) വിദ്യാർഥി സംഘം മലവെള്ളപ്പാച്ചിലി‍ൽപ്പെട്ട് 3 പേർ മരിച്ചതാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ പ്രധാന സംഭവം. കിളിക്കല്ലിൽ ഭക്ഷണം കഴിക്കാനിരുന്നതായിരുന്നു 

3 വർഷം മുൻപ് ആനക്കാമ്പൊയിലിൽ പുഴയോരത്ത് ടെന്റടിച്ച സഞ്ചാരികളുടെ സംഘം അപകടത്തിൽപ്പെട്ട് 2 പേർ മരിച്ചു. 2 മാസം മുൻപ് രാജ്യാന്തര കയാക്കിങ് ചാംപ്യൻഷിപ്പ് ഫൈനൽ നടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാക്കൾക്ക് രക്ഷയായത് തൊട്ടടുത്തുണ്ടായിരുന്ന ഫയർഫോഴ്സും നാട്ടുകാരുമായിരുന്നു. 

മലവെള്ളം മുതൽ ചതിച്ചുഴികൾ വരെ 

ശ്രദ്ധിച്ചില്ലെങ്കിൽ വേനലിൽപ്പോലും അപകടകാരിയാണ് ഇരുവഞ്ഞിപ്പുഴ. മഴക്കാലത്ത് അപകട സാധ്യത പലമടങ്ങ് വർധിക്കുന്നു. 

∙ പാറക്കെട്ടുകളും കുത്തൊഴുക്കും– ഉൽഭവം മുതൽ പുല്ലൂരാമ്പാറ വരെ കുത്തനെ താഴോട്ടാണ് ഇരുവഞ്ഞിയുടെ ഘടന. ആഴമില്ലാത്തിടത്തുപോലും ശക്തമായ ഒഴുക്കിൽ നിലകിട്ടില്ല.  നിറയെ പാറക്കെട്ടുകളുമുണ്ട്. കയാക്കിങ്ങിന്റെ പ്രധാന കേന്ദ്രമായി ഇരുവഞ്ഞി മാറാൻ തന്നെ ഈ പ്രത്യേകതകളാണ് കാരണം. 

മഴക്കാലത്ത് നനഞ്ഞ പാറകളിൽ നിന്ന് വഴുതി വെള്ളത്തിൽ വീണാണ് പല അപകടങ്ങളും. നന്നായി നീന്താൻ അറിയാവുന്നവർ പോലും കുത്തൊഴുക്കിൽ പാറകളിൽ തലയിടിച്ച് മരിക്കുന്നത് പതിവ്.  മറിപ്പുഴ, മുത്തപ്പൻപുഴ ഭാഗങ്ങളിലെ ഭീകര കല്ലിൻ കൂട്ടങ്ങളിൽപ്പെട്ടാൽ ജീവൻ ബാക്കികാണില്ല. 

∙ മലവെള്ളപ്പാച്ചിൽ– വെള്ളരിമലയിൽ നിന്നും വനമേഖലകളിൽ നിന്നും പൊടുന്നനെ എത്തുന്ന മലവെള്ളം. പാറക്കൂട്ടങ്ങളിൽ നിന്ന് ഓടിമാറാൻ കഴിയാതെ പെട്ടുപോയവർ ഏറെ. വീണുപോകുന്നവരെ മലവെള്ളം അടിച്ച് പാറക്കൂട്ടത്തിലേക്ക് കയറ്റിക്കളയും. ഇവിടെ കുടുങ്ങിപ്പോയാൽ ശരീരം കണ്ടെടുക്കാൻപോലും ഏറെ പാടുപെടണം. 

ഏതു നിമിഷവും മലവെള്ളമെത്താമെന്ന ഭീതി ഇതുപോലെ ഉയർത്തുന്ന മറ്റൊരു പുഴയും സംസ്ഥാനത്തുതന്നെ കാണില്ല. വൃഷ്ടിപ്രദേശമായ വനമേഖലയിൽ മഴ പെയ്യുമ്പോൾത്തന്നെ താഴെ വെയിലായിരിക്കാം. നാട്ടുകാർക്ക് ഇതറിയാമെങ്കിലും സഞ്ചാരികൾ പെട്ടുപോകും. ഈ മഴക്കാലം തുടങ്ങിയ ശേഷം പലതവണ അപ്രതീക്ഷിതമായി പെരുവെള്ളമെത്തി. 

∙ കയങ്ങളും വെള്ളച്ചാട്ടങ്ങളും– അരിപ്പാറ, പതങ്കയം തുടങ്ങിയ മനോഹര വെള്ളച്ചാട്ടങ്ങളാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. കോഴിക്കോട്ടുനിന്നും മറ്റും വയനാട്ടിലേക്ക് യാത്ര പോകുന്നവർക്ക് എളുപ്പത്തിൽ ഇവിടെക്കൂടി ഇറങ്ങി പോകാമെന്നതും ആകർഷണം. എന്നാൽ വെള്ളച്ചാട്ടങ്ങളോട് ചേർന്ന് പലയിടത്തും നിലയില്ലാക്കയങ്ങളും ചുഴികളുമുണ്ടെന്നത് തിരിച്ചറിയാതെയാകും പലരും കുളിക്കാനിറങ്ങുന്നത്.  പതങ്കയത്ത് 3 കയങ്ങളാണുള്ളത്. ഒരു കിലോമീറ്റർ താഴെ അരിപ്പാറയിലും കുറുങ്കയത്തും വലിയ കയമുണ്ട്. 

ഈ സുരക്ഷ  തീരെ പോരാ

ഇരുവഞ്ഞിയിലെ മരണങ്ങൾ കണ്ട് മനസ്സ് മടുത്തെന്നും മഴക്കാലത്ത് സഞ്ചാരികളുടെ വരവ് കർശനമായി വിലക്കണമെന്നും പറയുന്ന നാട്ടുകാരേറെ. ടിക്കറ്റ് വച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന അരിപ്പാറയിൽ 2 പേരെ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിട്ടുണ്ട്. 

മറ്റു കടവുകളിൽ പുഴയിലിറങ്ങരുതെന്ന ബോർഡും വച്ചിട്ടുണ്ട്. ഇതിൽ തീർന്നു അധികൃതരുടെ ഭാഗത്തുനിന്നുള്ള നടപടി. പലയിടത്തും നാട്ടുകാർ വിലക്കുന്നതു കൊണ്ടും രക്ഷിക്കാൻ ഇറങ്ങുന്നതു കൊണ്ടും സഞ്ചാരികൾ പലരും ജീവനുംകൊണ്ട് തിരിച്ചുപോകുന്നു.

ഇരുവഞ്ഞി പുഴയിൽ  യുവതി  മുങ്ങി മരിച്ചു

തോട്ടത്തിൻ കടവ് ഇരുവഞ്ഞിപ്പുഴയിൽ യുവതി മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. തിരുവമ്പാടി അമ്പലപ്പാറ ഇളയിടത്ത് വിജേഷിന്റെ ഭാര്യ അമൃത (28) ആണു മരിച്ചത്. പൊറ്റശ്ശേരി ചെമ്പക്കോട്ടുമ്മൽ സുബ്രഹ്മണ്യൻ - ശാരദ ദമ്പതികളുടെ മകളാണ്. അമൃതയുടെ മകൾ: ആദി. സഹോദരി: അഖില. ഒപ്പമുണ്ടായിരുന്ന ഭർത്താവിന്റെ സഹോദരിയുടെ കുട്ടി നീന്തി രക്ഷപ്പെട്ടു. 

മരണം  ഇങ്ങനെ 

 

അരിപ്പാറ  വെള്ളച്ചാട്ടം– 23  പുല്ലൂരാമ്പാറ  കുറുങ്കയം– 2

 

പതങ്കയം– 11  മുത്തപ്പൻ പുഴയ്ക്കും  മറിപ്പുഴയ്ക്കും  ഇടയ്ക്ക്– 6

 

ആഷിഖിനെ കണ്ടെത്താനായില്ല

ഇരുവഞ്ഞിപ്പുഴയിൽ നാരങ്ങാത്തോട് പതങ്കയത്തിൽ തിരുവോണ ദിനത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം പെരുവള്ളൂർ നടുക്കര സ്വദേശി ആഷിഖിനെ (23) ഇന്നലെയും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ  പതങ്കയം മുതൽ  കുറുങ്കയം വരെ പുഴയിൽ വിവിധ ജില്ലകളിൽ നിന്നുമെത്തിയ കർമ സേന സന്നദ്ധ സംഘടനാ പ്രവർത്തകരും മുങ്ങൽ വിദഗ്ധരും ഫയർ ഫോഴ്സും പൊലീസും റവന്യു വകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. മുക്കം ഫയർ ആൻഡ് റെസ്ക്യു ഓഫിസർ വിജയന്റെ നേതൃത്വത്തിൽ വാട്ടർഫ്രൂഫ് ക്യാമറ ഉപയോഗിച്ച് കയങ്ങളിൽ തിരച്ചിൽ നടത്തി.

പതങ്കയം ഭാഗത്ത് കയത്തിൽ നിന്നും മണ്ണമാന്തി യന്ത്രം ഉപയോഗിച്ച് പാറക്കല്ലുകൾ മാറ്റി വെള്ളത്തിന്റെ ഒഴുക്ക് ഗതിമാറ്റി വിട്ട് തിരച്ചിൽ നടത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. പുഴയിലുള്ള വൻ പാറകൾ പൊട്ടിച്ച‌ു നീക്കിക്കൊണ്ടുള്ള തിരച്ചിൽ ഇന്ന് ആരംഭിക്കും. തൃശൂരിൽ നിന്നുമുള്ള ദേശിയ ദുരന്ത നിവാരണ സേന ഇന്ന് തിരച്ചിൽ നടത്തുമെന്ന് തഹസിൽദാർ സി.മുഹമ്മദ് റഫീഖ് പറഞ്ഞു.