മേലേപറമ്പില്‍ ആണ്‍വീട്, യോദ്ധ, തലയണമന്ത്രം..; മലയാളികൾ മറക്കില്ല മീനയെ

ഭാര്യയായും അമ്മയായും കാമുകിയായുമൊക്കെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടി മീന മരിച്ചിട്ട് ഇന്ന് 25 വര്‍ഷം.മലയാള സിനിമയിലെ മികവുറ്റ നടിമാരില്‍ ഒരാളായി മീന എന്നും ഓര്‍മ്മിക്കപ്പെടും..

അഭിനയകലയുടെ സൂക്ഷ്മഭേദങ്ങള്‍ അറിഞ്ഞ നടി.മീനയെ ഒറ്റ വാക്യത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.വില്ലന്‍ കഥാപാത്രങ്ങളും സ്വാത്വിക വേഷങ്ങളും സര്‍ക്കാസം നിറഞ്ഞ റോളുകളും  ഇത്ര ആവേശത്തോടെയും ധൈര്യത്തോടെയും കൈകാര്യം ചെയ്യുന്ന നടികളുടെ എണ്ണമെടുത്താല്‍ അതിന്റെ മുന്‍ നിരയിലായിരിക്കും മീന എന്ന മേരി ജോസഫ്. ഗൂഢാലോചന നടത്തുന്ന കൗശലക്കാരിയായ അമ്മായി അമ്മയായി,  സ്നേഹ വാല്‍സല്യങ്ങള്‍ക്കൊപ്പംതന്നെ, മൂര്‍ച്ചയേറിയ വാക്കുകളുള്ള അമ്മയായി പലര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്തവിധം ക്യാരക്ടര്‍ റോളുകളില്‍ അവര്‍ അഭിനയത്തിന്റെ കൊടുമുടി കീഴടക്കിയിട്ടുണ്ട്.

സിനിമയില്‍ നിന്നും ജീവിതത്തിലേക്ക് കയറിവരുന്ന ചില സിനിമാശകലങ്ങളുണ്ട്. പലപ്പോഴും പഴഞ്ചൊല്ലുകള്‍പ്പോലെ നാം എടുത്തുപയോഗിക്കുന്ന പ്രയോഗങ്ങള്‍. അത്തരത്തില്‍  പല സംഭാഷണങ്ങളും മീനയുടെ കഥാപാത്രം പറഞ്ഞ ഡയലോഗുകള്‍ അല്ലേ  എന്ന് അല്‍ഭുതപ്പെട്ടാലും അതിശയപ്പെടാനില്ല. വെള്ളത്തോട് മീനിനെന്നപോലെ  ഒരു സ്വാഭാവിക അഭിനിവേശം മീനയ്ക്ക് അഭിനയത്തോട് എന്നും ഉണ്ടായിരുന്നു.കഥാപരിസരവും കഥാപാത്ര വിവരണവും സാമ്യമുള്ള ഒട്ടേറെ സിനിമകള്‍ വന്നുപോയെങ്കിലും മീന കൊണ്ടുവന്ന പ്രത്യേകതകള്‍ക്കൊണ്ട് അവയെന്നും ഓര്‍മിക്കപ്പെടുന്നവയായി.കാഴ്ച്ചക്കാരായും ഇടപെടുന്നവരായും നമ്മള്‍ കാണുന്ന അന്തര്‍ലീന സ്വഭീവങ്ങള്‍ ഒന്നുതന്നെയാണ്.എന്നാല്‍ അവ വെത്യസ്തമായി നിലനില്‍ക്കുന്നു.അവയെ ശരിയായ രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ അഭിനയത്തിന്റെ സൂക്ഷ്മ ഭേദങ്ങള്‍ അറിയുകതന്നെവേണം.അതിനുള്ള മന്ത്ര വടി കയ്യിലുള്ള ആളായിരുന്നു മീന.പവിഴം ഗര്‍ഭിണിയാണെന്നറിയുമ്പോഴുള്ള വേവലാതിക്കിടയിലും സ്വതസിദ്ധമായ മൂര്‍ച്ചയോടെ അവര്‍ ഭര്‍ത്താവിനോട് ചോദിക്കുന്നുണ്ട്

 താരതമ്യമില്ലാത്ത സ്ക്രീന്‍ പ്രസന്‍സ് തന്നെയാണ് മീനയെ വേറിട്ടുനിര്‍ത്തുന്നത്.മറ്റൊരാള്‍ക്കും അവരുടെ മുന്നില്‍ ഒന്ന് മുട്ടിനില്‍ക്കാന്‍ പോലും പറ്റാത്ത അത്ര ഫോമിലായിരുന്നുപല സിനിമകളിലും നമ്മള്‍ അവരെ കണ്ടത്.സുകുമാരിയും,കെപിഎസി ലളിതയും, ഫിലോമിനയുമെല്ലാം തിളങ്ങിയ ക്യാരക്ടര്‍ റോളുകള്‍ക്കിടയിലും മലയാളസിനിമയില്‍ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ മീനയ്ക്കായത് വേറിട്ട അഭിനയശൈലികൊണ്ട് തന്നെെയാണ്.മേലേപറമ്പില്‍ ആണ്‍വീടും, യോദ്ധയും,മിഥുനവും,നാടോടിക്കാറ്റും,തലയണമന്ത്രവും തുടങ്ങി പെട്ടെന്ന് ഓര്‍ത്തെടുക്കാവുന്ന സിനിമകള്‍തന്നെ മതി മീനയെന്ന അഭിനേത്രിയെ വരും തലമുറയിലുള്ളവര്‍ക്കും സ്വീകാര്യമാക്കാന്‍. ഓരോ നോട്ടം കൊണ്ടുപോലും അവര്‍ പ്രേക്ഷക മനസില്‍ ഇരുപ്പുറപ്പിച്ചു.

മലയാള സിനിമ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും അണ്ടര്‍ റേറ്റഡ് ആയിട്ടുള്ള അഭിനേത്രി ആയിരുന്നു മീന.നാല് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടയില്‍ അറുന്നൂറോളം ചിത്രങ്ങളില്‍ അവര്‍ അമ്മയായി,കാമുകിയായി, വില്ലത്തരമുള്ള അമ്മായിയമ്മയായി. തന്റെ ക്യാരക്ടറില്‍ വന്നുപോയ ദുഷ്ട കഥാപാത്രങ്ങളെപ്പോലെയോ കാര്‍ക്കശ്യക്കാരിയെപ്പോലെയോ ഒന്നും ആയിരുന്നില്ല മീനയുടെ സ്വഭാവം.  അതിനാല്‍തന്നെ മീനയെ  മലയാള സിനിമ ഇന്നും നെഞ്ചോട് ചേര്‍ക്കുന്നു