ശമ്പളം വര്‍ധിപ്പിക്കണം; വാല്‍പ്പാറയില്‍ തൊഴിലാളികളുടെ മിന്നല്‍പ്പണിമുടക്ക്

valparai
SHARE

ശമ്പളവര്‍ധന ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വാല്‍പാറയില്‍ തോട്ടം തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. നാല് എസ്റ്റേറ്റുകളിലെ നൂറിലധികം തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. തേയില നുള്ളുന്നത് ഉള്‍പ്പെടെ തോട്ടങ്ങളിലെ പണികള്‍ പൂര്‍ണമായും തടസപ്പെട്ടു. 

അനധികൃതമായി ശമ്പളം വെട്ടിക്കുറച്ചതും, കൂലി കിട്ടാന്‍ വൈകുന്നതുമാണ് പ്രതിസന്ധി. നിരന്തരം തോട്ടം നടത്തിപ്പുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രയോജനമുണ്ടായില്ല. മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് തൊഴിലാളികള്‍ പരസ്യ പ്രതിഷേധത്തിനിറങ്ങിയത്. കരമല വെള്ളമല, ആക്കാമല, നടുമല എന്നീ എസ്റ്റേറ്റുകളിലെ. നൂറുകണക്കിന് തൊഴിലാളികളാണ് മിന്നല്‍ പണിമുടക്കിൽ പങ്കെടുത്തത്.

തൊഴിലാളികളുടെ മാത്രമല്ല ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ക്കും ആനുകൂല്യങ്ങള്‍ വെട്ടിക്കുറിച്ച് വേതനം മുടങ്ങുന്ന സ്ഥിതിയുണ്ടായി. ഇതിന് പുറമെയാണ് തൊഴിലാളികളുടെ പൊട്ടിപ്പൊളിഞ്ഞ് വീഴാറായ ലയങ്ങള്‍ സംരക്ഷിക്കാനുള്ള നടപടിയും വൈകുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ സൂചനസമരം അനിശ്ചിതകാല പ്രതിഷേധമാക്കി മാറ്റുമെന്നാണ് തൊഴിലാളികളുടെ മുന്നറിയിപ്പ്. പ്രതിഷേധത്തിന്റെ ഭാഗമായി എസ്റ്റേറ്റുകളുടെ ഗ്രൂപ്പ് ഓഫിസിന് മുന്നില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

Valparai plantation workers strike

MORE IN KERALA
SHOW MORE