'പ്രണവ് സ്റ്റാര്‍ കിഡായി തോന്നിയില്ല; വിനീതേട്ടനും കൂള്‍; തുടക്കം ഹൃദയത്തില്‍'

വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലെത്തിയ സിനിമ പ്രേക്ഷക 'ഹൃദയം' കീഴടക്കികഴിഞ്ഞു. കലാലയവും പിന്നീടുള്ള ജീവിതവും കോര്‍ത്തിണക്കിയ സിനിമയെ മികച്ചതാക്കാന്‍  അഭിനേതാക്കള്‍ക്കും കഴിഞ്ഞു. അരുണ്‍ എന്ന കഥാപാത്രമായി പ്രണവ് മോഹന്‍ലാല്‍ തകര്‍ക്കുമ്പോള്‍ ഒട്ടനവധി പുതുമുഖങ്ങളും അതില്‍ പങ്കുചേരുന്നു. താടിക്കാരനെയും, സെല്‍വയെയും, ജാക്സനെയുമൊക്കെ മലയാളികളും സ്വീകരിച്ചു. തന്‍റെ ആദ്യത്തെ സിനിമയിലെ സുവര്‍ണാനുഭവം പങ്കുവച്ച് കലിപ്പന്‍ സീനിയറായി വന്ന ജാക്സനെന്ന അതുല്‌‍ രാംകുമാര്‍ മനോരമ ന്യൂസിനൊപ്പം ചേരുന്നു. 

ഹൃദയത്തിലെ തുടക്കം

'ഹൃദയം' എന്‍റെ ആദ്യത്തെ സിനിമയാണ്. നെഗറ്റീവ് റോളിലാണ് ഹൃദയത്തിലെത്തുന്നതെങ്കിലും അവസരം വരുന്നതനുസരിച്ച് എല്ലാ തരം കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. 'ഒരു കുട്ടിയോട് ഫസ്റ്റ് ഇയര്‍ ആണോടാ' എന്ന് ചോദിക്കുന്ന സീനായിരുന്നു എന്‍റെ ആദ്യത്തെ സീന്‍. ചെറിയ ടെന്‍ഷനുണ്ടായിരുന്നെങ്കിലും നല്ല അനുഭവമായിരുന്നു അത്.

അടുത്തത് നെഗറ്റീവല്ല

സിബി മലയില്‍ സാറിന്‍റെ 'കൊത്ത്' ആണ് അടുത്ത സിനിമ. ഇതില്‍ നെഗറ്റീവ് കഥാപാത്രമല്ല. എന്‍റേത്. ഇതില്‍ മറ്റൊരാളായി കാണാമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സിബി സാറിന്‍റെ ആറു വര്‍ഷത്തിനു ശേഷം എത്തുന്ന സിനിമയാണിത്. ആസിഫ് അലി, റോഷന്‍, നിഖില വിമല്‍ എന്നിവര്‍ സിനിമയിലുണ്ട്.   

ഹൃദയത്തിലെ ഓഡിഷന്‍

കുറെ ഓഡിഷന് പോയിട്ടുണ്ട്. ആ രീതിയില്‍ തന്നെയാണ് ഹൃദയം ഓഡിഷനെയും കണ്ടത്. ഹൃദയത്തിനു മുന്‍പ് ഒന്ന് രണ്ട് പടങ്ങളൊക്കെ വന്നിരുന്നു. പക്ഷേ പലകാരണങ്ങള്‍കൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല.  ഹൃദയം ഓഡിഷന്‍ തന്നത് വ്യത്യസ്ത അനുഭവ തന്നെ. 'ആദ്യം ഓഡീഷനു വിളിച്ചപ്പോ വിനീത് ശ്രീനിവാസന്‍ എന്ന് എന്തോ എന്നോട് പറഞ്ഞിരുന്നു'.. അപ്പോള്‍ കരുതി പുള്ളി പ്രൊഡ്യൂസ് ചെയ്യുന്ന പടമായിരിക്കുമെന്ന്. സംവിധായകനാണെന്ന് അറിയില്ലായിരുന്നു. ആദ്യ ഓഡിഷന്‍ കഴിഞ്ഞപ്പോഴാണ് വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലെത്തുന്ന പടമാണിതെന്ന് അറിയുന്നത്. 

വിനീതേട്ടനും സെറ്റും

ആദ്യം എല്ലാവര്‍ക്കും വര്‍ക്ക്ഷോപ്പുണ്ടായിരുന്നു. പുതിയ ഒരാളെന്ന രീതിയിലല്ല നമ്മളെ കണ്ടത്. എല്ലാവരെയും പോലെ തന്നെ ഒരു ആര്‍ടിസ്റ്റ് ആയി എല്ലാരെയും ഒരേ രീതിയിലാണ് വിനീതേട്ടന്‍ കണ്ടത്. വര്‍ക്ക്ഷോപ്പില്‍ ഐസ് ബ്രേക്കിംഗ് സെക്ഷനുണ്ടായിരുന്നു. അങ്ങനെ അതുകഴിഞ്ഞ് എല്ലാവരും ഫ്രീ ആയി സംസാരിച്ചുതുടങ്ങി. പിന്നങ്ങോട്ട് പാട്ടും ഗെയിംസുമായി അടിപൊളിയായിരുന്നു. സെറ്റില്‍ ഒരു തവണ ലാല്‍ സാര്‍ വന്നിരുന്നു. ചെറിയ രീതിയില്‍ സാറുമായി സംസാരിച്ചു. ഓഡീഷനും വര്‍ക്ക്ഷോപ്പുമൊക്കെ കഴിഞ്ഞിട്ട് വന്നതുകൊണ്ട് നമ്മളില്‍ വിനീതേട്ടന് ഒരു വിശ്വാസമുണ്ടായിരുന്നു. കൂളായിരുന്നു ചേട്ടന്‍. 

പ്രണവും കൂള്‍ തന്നെ

'സ്റ്റാര്‍ കിഡ്' ആയി തോന്നില്ല പ്രണവിനെ. അയാള്‍ എല്ലാരോടും ഇങ്ങനെ.. കൂളാണ്. മോഹല്‍ലാലിന്‍റെ മകനാണ് എന്നൊന്നും തോന്നിയില്ല. ആദ്യ വര്‍ക്ക്ഷോപ്പ് ദിവസത്തില്‍ മാത്രമാണ് ലാല്‍ സാറിന്‍റെ മകനാണ് എന്ന് ഒരു തോന്നലുണ്ടായത്. പിന്നെ എല്ലാവരോടും ഒരു പോലെയാണ് അയാള്‍‍. സീനിന്‍റെ സമയത്തും വളരെ ഫ്രണ്ട്ലിയായിരുന്നു. പ്രണവിന്‍റെ വീട്ടില്‍ അശ്വതും കുറച്ചുപേരും പോയിരുന്നു. അന്നവിടെ ലാല്‍ സാറുമായി എന്തോ അനുഭവമുണ്ടായിരുന്നു. പക്ഷേ, ആ ഭാഗ്യം എനിക്ക് കിട്ടിയില്ല. അശ്വത് പറഞ്ഞകാര്യമാണിത്. 

റിയല്‍ ലൈഫിലെ റാഗിംഗ്

കോട്ടയത്തുള്ള ഫിലീം ഇന്‍സ്റ്റ്യൂട്ടില്‍ പഠിക്കുകയാണ് ഞാന്‍. ഫൈനല്‍ ഡിപ്ലോമ കഴിഞ്ഞു നില്‍ക്കുന്നു. ചെന്നൈയിലാണ് ഡിഗ്രി പഠിച്ചത്. അവിടെ ഞങ്ങള്‍ക്കുമുണ്ടായിരുന്നു ഇതുപോലൊരു സീനിയര്‍. സിനിമയിലെ റാഗിംഗ് പോലെയായിരുന്നു അവിടെയും. സിനിമയിലെ ഹോസ്റ്റലൊക്കൊ ഏകദേശം എന്‍റെ കോളജ് ലൈഫ് പോലെയാണ്. അതുകൊണ്ടു തന്നെ കഥാപാത്രത്തെ വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. സിനിമയില്‍ അരുണിന്‍റെ അവസ്ഥയാണ് റിയല്‍ ലൈഫില്‍ എന്‍റേത്. എന്നെ റാഗ് ചെയ്ത ആളുകള്‍ ജാക്സനെ പോലത്തെ ആളുകളായിരുന്നു.