സംസ്ഥാനത്ത് പോളിങ് 71.16 ശതമാനം; കഴിഞ്ഞ തവണത്തേക്കാള്‍ 6% കുറവ്

polling
SHARE

സംസ്ഥാനത്ത് അവസാന കണക്ക് പുറത്തുവരുമ്പോൾ 71.16 ശതമാനം പോളിങ്. കഴിഞ്ഞതവണത്തെക്കാൾ ആറ് ശതമാനം കുറവ്. പോളിങ് ശതമാനത്തിലെ കുറവിൽ ആശങ്കയുള്ളപ്പോഴും ആത്മവിശ്വാസം കൈവിടാൻ മുന്നണികൾ ഒരുക്കമല്ല. യു.ഡി.എഫ് 16 സീറ്റ് ഉറപ്പുപറയുമ്പോൾ ആറ് സീറ്റ് ഉറപ്പിക്കുകയാണ് എൽ.ഡി.എഫ്. തൃശൂരിൽ കണ്ണുവച്ചിരിക്കുകയാണ് ബി.ജെ.പി. 

വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും കൂടി ചേരുമ്പോൾ അന്തിമ പോളിങ് 72 ശതമാനം കടക്കും. പോളിങ് ശതമാനം ഏറ്റവും കൂടുതൽ വടകരയിലും കുറവ് പത്തനംതിട്ടയിലാണ്. 2009ലുണ്ടായ 73.38 ശതമാനമാണ് ഇതിനോട് അടുത്തുനിൽക്കുന്നത്. ആവേശ പ്രചാരണം കഴിഞ്ഞതവണത്തെ പോളിങിന്റെ അടുത്ത് എത്താത്തത് കൂട്ടിയും കിഴിച്ചും മുന്നണികൾ ഇഴകീറി പരിശോധിക്കുകയാണ്. 16 സീറ്റാണ് യു.ഡി.എഫിന്റെ ഉറപ്പിച്ചുപറയുന്നത്. ആറ്റിങ്ങൽ, മാവേലിക്കര, തൃശൂർ, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത പോരാട്ടമുണ്ടായെന്ന് വിലയിരുത്തുമ്പോൾ, വടകരയും ആലത്തൂരും പാലക്കാടും കണക്കെടുത്ത് ഉറപ്പിക്കുകയാണ്. അതേസമയം, ആറ് സീറ്റ് ഉറപ്പിച്ചു പറയുന്ന എൽ.ഡി.എഫ്  മുന്നേറ്റം പത്തുസീറ്റിലേക്ക് ഉയർത്തുകയാണ്. വോട്ടർമാരെ സ്വാധീനിച്ചെന്ന് പ്രതിപക്ഷം കരുതുന്ന ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ലെന്ന് ഇടതുമുന്നണി കരുതുന്നു. രാഹുൽഗാന്ധി മത്സരിച്ച വയനാട്ടിൽ പോലും ഏഴ് ശതമാനം കുറഞ്ഞത് ഭരണവിരുദ്ധ വികാരമുണ്ടായില്ലെന്ന് തെളിവായി ചൂണ്ടിക്കാണിക്കുന്നു. വോട്ടെടുപ്പിനിടെ അപ്രതീക്ഷിത ഷോക്കായി മാറിയ ഇ.പി.ജയരാജന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തോടെ കാര്യമായി ഏശിയില്ലെന്നും സി.പി.എം വിലയിരുത്തുന്നു. രണ്ടക്കം പറഞ്ഞ് തുടങ്ങിയ ബി.ജെ.പിയാകട്ടെ വോട്ട് പെട്ടിയിലായ ശേഷം തൃശൂരിൽ മാത്രം മനകോട്ട കെട്ടുകയാണ്. എന്നാൽ, എൻ.ഡി.എയുടെ വോട്ട് ശതമാനം കഴിഞ്ഞതവണത്തേക്കാൾ കൂടുമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. 

Polling in the state is reported to be 71 percent

MORE IN KERALA
SHOW MORE