മല്‍സ്യബന്ധന ബോട്ടില്‍ 1526 കോടിയുടെ ഹെറോയിന്‍; 4 പ്രതികൾ ഡിആർഐ കസ്റ്റഡിയിൽ

മല്‍സ്യബന്ധന ബോട്ടില്‍ 1526 കോടിയുടെ ഹെറോയിന്‍ കടത്തിയകേസില്‍ നാല് പ്രതികളെ ഡി.ആര്‍.ഐയുടെ കസ്റ്റഡിയില്‍വിട്ടു. എറണാകുളം സെഷന്‍സ് കോടതി വെള്ളിയാഴ്ചവരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് രാജ്യാന്തര ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി.

കൊച്ചിയുടെ പുറംകടലില്‍നിന്ന് ഡി.ആര്‍.ഐയും തീരസംരക്ഷണ സേനയും സംയുക്തമായി 1526 കോടിയുടെ ഹെറോയിന്‍ പിടിച്ച കേസില്‍ മുഖ്യകണ്ണികളെന്ന് അന്വേഷണ സംഘം കണ്ടെത്തിയ നാലുപേരെയാണ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ലഹരിമരുന്ന് പിടിച്ചപ്പോള്‍ ബോട്ടിലുണ്ടായിരുന്നയാളും ഒന്നാംപ്രതിയുമായ ഡൈസണ്‍, ഇരുപത്തിയൊന്നാം പ്രതി ക്രിസ്പെന്‍, ബോട്ടുടമകളായ ഇരുപത്തിരണ്ടാംപ്രതി അറാബാത്ത് അലി, ഇരുപത്തിമൂന്നാംപ്രതി ഫൈസല്‍ റഹ്മാന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍വാങ്ങിയത്. രാജ്യാന്തര ലഹരിക്കടത്തു സംഘവുമായി നേരിട്ട് ഇടപെട്ടത് അറാബാത്ത് അലിയാണെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. ക്രിസ്പെനും ഇടപാടിനെക്കുറിച്ച് നേരിട്ട് അറിയാമായിരുന്നു. ഹെറോയിന്റെ ഉറവിടവും, ബാക്കി പ്രതികളെയും കണ്ടെത്താനാണ് ഡി.ആര്‍.ഐ ശ്രമം. എന്നാല്‍ യഥാര്‍ഥ പ്രതികളെയല്ല ഡി.ആര്‍.ഐ പിടിച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ഈ മാസം പതിനെട്ടിനാണ് രണ്ട് തമിഴ്നാട് ബോട്ടുകളില്‍നിന്ന് ലഹരിമരുന്നുമായി 20പേര്‍ പിടിയിലായത്. ഹെറോയിന്‍ സൂക്ഷിച്ചിരുന്ന ചാക്കുകളില്‍ പാക്കിസ്ഥാന്‍ മേല്‍വിലാസവുമുണ്ടായിരുന്നു. ചാക്കിനുള്ളില്‍ പഞ്ചസാരയെന്നും രേഖപ്പെടുത്തിയിരുന്നു. മല്‍സ്യബന്ധനത്തിനാണ് പോയതെന്ന് പറഞ്ഞെങ്കിലും സംഘം മീന്‍ പിടിച്ചിരുന്നില്ല. പാക്കിസ്ഥാനില്‍നിന്ന് ഇറാനിയന്‍ കപ്പലിലാണ് ലഹരിമരുന്ന് പുറംകടലില്‍ എത്തിച്ചതെന്നാണ് സൂചന. കപ്പലില്‍നിന്ന് ബോട്ടിലേക്ക് മാറ്റിയ ഹെറോയിനുമായി ലക്ഷദ്വീപിലെ അഗത്തിക്കടുത്ത് എത്തിയപ്പോഴാണ് സംഘം പിടിയിലായത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കേരളത്തിലും തമിഴ്നാട്ടിലും വിവിധ സ്ഥലങ്ങളില്‍ ഡി.ആര്‍.ഐ പരിശോധന നടത്തിയിരുന്നു. അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറുമെന്നും സൂചനയുണ്ട്.