ട്രെയിന്‍ വഴി ആറ് കിലോ കഞ്ചാവ് കടത്താൻ ശ്രമം; ഒലവക്കോട് രണ്ടുപേർ പിടിയിൽ

ട്രെയിന്‍ വഴി കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേര്‍ ഒലവക്കോട് അറസ്റ്റില്‍. പൊന്നാനി സ്വദേശികളായ ഷഫീഖ്, ആഷിഫ് എന്നിവരെയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സും എക്സൈസും ചേര്‍ന്ന് പിടികൂടിയത്. ഓണക്കാലത്ത് പൊന്നാനി തീരങ്ങളിലെ കഞ്ചാവ് ചെറുകിട ആവശ്യക്കാരായിരുന്നു ഇരുവരുടെയും ലക്ഷ്യം. 

ധൻബാദ് ആലപ്പുഴ എക്സ്പ്രസിലായിരുന്നു ഇരുവരുടെയും യാത്ര. കഞ്ചാവ് പൊതി ഒളിപ്പിച്ചിരുന്ന ബാഗുമായി ഒലവക്കോടിറങ്ങി. തിരൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗവും എക്സൈസും ചേര്‍ന്ന് ഇരുവരെയും പരിശോധിച്ചത്. ബാഗിനുള്ളില്‍ ആറ് കിലോയിലധികം കഞ്ചാവ്. തിരൂര്‍, പൊന്നാനി മേഖലകളില്‍ ചെറുകിടക്കാര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതില്‍ പ്രധാന കണ്ണികളാണ് ഷഫീഖും ആഷിഫുമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നേരത്തെയും ട്രെയിന്‍ മാര്‍ഗം നിരവധി തവണ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ട്. വിശാഖപട്ടണത്ത് ഇവര്‍ക്ക് പതിവായി കഞ്ചാവ് കൈമാറുന്ന സംഘമുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ മൂന്ന് ലക്ഷത്തിലധികം രൂപ വിലവരും. ഓണക്കാലത്തെ ലഹരിവരവ് കണക്കിലെടുത്ത് വിപുലമായ പരിശോധനയാണ് ട്രെയിന്‍ കേന്ദ്രീകരിച്ച് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗവും എക്സൈസും തുടരുന്നത്.