പോത്ത് ഫാമിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന; പ്രതി പിടിയിൽ

കോട്ടയത്ത് പോത്ത് ഫാമിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ പ്രതിയെ എക്സൈസ് പിടികൂടി. മോനിപ്പള്ളിയില്‍ ഫാം നടത്തിവന്നിരുന്ന തിരുവഞ്ചൂര്‍ സ്വദേശി ജിതിനെയാണ് കോട്ടയത്തെ എക്സൈസ് സംഘം പിടികൂടിയത്. ഫാമില്‍ പോത്തിനെ വാങ്ങാനെന്ന പേരിലെത്തിയായിരുന്നു എക്സൈസിന്റെ ലഹരിവേട്ട. 

എക്സൈസ് വകുപ്പ് നടത്തിവരുന്ന നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് കോട്ടയെത്ത എം.ഡി.എം.എ വിതരണത്തിന്റെ പ്രധാന ഇടനിലക്കാരനായ ജിതിനെ കുടുക്കുന്നത്. ജിതിന്‍ മോനിപ്പള്ളിയില്‍ നടത്തിവരുന്ന എ.ആര്‍.ജെ ഫാമിന്റെ മറവിലായിരുന്നു ലഹരി വ്യാപാരം. രണ്ട് ആഴ്ചയിലധികമായി മഫ്തിയിലും എക്സൈസ് സൈബര്‍സെല്ലിന്റെ സഹായിത്തിലും നടത്തിവന്ന അന്വേഷണത്തിലൊടുവിലാണ് 20 ഗ്രാം വരുന്ന എം.ഡി.എം.എ പിടിച്ചെടുത്തത്. ജിതിന്റെ വസ്ത്രത്തിനുള്ളില്‍ ചെറുപാക്കറ്റുകളായും ഫാമിലെ മുറിക്കുള്ളില്‍ നിന്നും കാറില്‍ നിന്നും ലഹരി മരുന്ന് കണ്ടെടുത്തു.

യുവാക്കളുടെയും കോളജ് വിദ്യാര്‍ഥികളുടെയും ഇടയിലായിരുന്നു ജിതിന്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് എക്സൈസ് സംഘം പറയുന്നു. എന്നാല്‍ വാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ എക്സൈസ് സംഘം തടഞ്ഞുനിര്‍ത്തി ലഹരി മരുന്ന് വാഹനത്തില്‍ വെക്കുകയായിരുന്നെന്നാണ് ജിതിന്റെ വാദം. രാത്രികാലങ്ങളില്‍ കുട്ടികളടക്കം ഫാമിലെത്താറുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. കേസില്‍ തുടരന്വേഷണമുണ്ടാവുമെന്ന് എക്സൈസ് സിഐ രാജേഷ് ജോണ്‍ അറിയിച്ചു.

MDMA sale under the guise of buffalo trade youth held