‘ഇനി ഒരിക്കലും ജോലിക്കു പോകണ്ടേ?’; അറംപറ്റി വാക്കുകൾ; തൊട്ടടുത്ത ദിവസം അവൾ..

കൊല്ലം: ഉള്ളുപൊള്ളിക്കുന്ന നിലവിളികൾ കൊണ്ട് കേരള മനഃസാക്ഷിയെ പിടിച്ചുലച്ച വിസ്മയ കേസിന്റെ വിധി കേൾക്കാൻ നടപടികൾ തുടങ്ങും മുൻപേ കൊല്ലം ഒന്നാം അഡിഷനൽ സെഷൻസ് കോടതിയുടെ പരിസരം തിങ്ങി നിറഞ്ഞിരുന്നു. കോടതി മുറിയിലും പുറത്തും നിറഞ്ഞ മുഖങ്ങളിൽ വിധി എന്താവുമെന്ന്, സമൂഹത്തിനാകെ മാതൃകയാവുന്ന ശിക്ഷ കിട്ടുമോയെന്ന ആകാംക്ഷ മാത്രം.വെള്ള ഷർട്ട് ധരിച്ച് കോടതിമുറിയുടെ ഏറ്റവും പിന്നിൽ അഭിഭാഷകർക്കൊപ്പമാണ് പ്രതി കിരൺ കുമാർ നിന്നിരുന്നത്. കടുത്ത മാനസിക സമ്മർദം കൊണ്ട് അസ്വസ്ഥനായ മുഖം. ഇടയ്ക്കിടെ ദീർഘനിശ്വാസം വിട്ട് കൈ പിന്നിൽ കെട്ടി വിധി കാത്തു നിൽക്കുകയായിരുന്നു കിരൺ കുമാർ. പിതാവ് സദാശിവൻപിള്ളയും ഉണ്ടായിരുന്നു ഒപ്പം.

കോടതി നടപടികൾക്ക് തൊട്ടുമുൻപ് എത്തിയ വിസ്മയയുടെ അച്ഛൻ കെ. ത്രിവിക്രമൻ നായർ വേദന നിറഞ്ഞ മുഖത്തോടെ മുന്നിൽ ഇരുന്നു.4 കേസുകൾക്ക് ജാമ്യം അനുവദിച്ച ശേഷമാണ് കോടതി വിസ്മയ കേസിന്റെ നടപടികളിലേക്ക് കടന്നത്. വിവിധ വകുപ്പുകളിൽ പ്രതി കുറ്റക്കാരനാണെന്നും ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും കോടതി പറഞ്ഞത് നിർവികാരതയോടെ പ്രതി കേട്ടുനിന്നു. മകൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യാനായതിന്റെ ആശ്വാസമായിരുന്നു ത്രിവിക്രമന്റെ മുഖത്ത്...

വിധി കേൾക്കാൻ വിസ്മയയുടെ ബന്ധുക്കൾക്ക് പുറമേ നാട്ടുകാരും എത്തിയിരുന്നു. ഒരു പരിചയവും ഇല്ലാതിരുന്നിട്ടും ഇന്ന് വിധി വരുമെന്ന് അറിഞ്ഞു മാത്രം എത്തിയവർ. അന്വേഷണ ഉദ്യോഗസ്ഥൻ പി.രാജ്കുമാറിനെ കണ്ട് സല്യൂട്ട് നൽകിയാണ് അവരിൽ പലരും മടങ്ങിയത്. ‘‘നമുക്കും പെൺമക്കളുണ്ട്. അവന് ശിക്ഷ കിട്ടണം. അന്വേഷിച്ച സാറിന് സല്യൂട്ട് നൽകണമെന്ന് കരുതിയാണ് വന്നത്.’’ പള്ളിമുക്ക് സ്വദേശി മുഹമ്മദ് ഷാഫി പറഞ്ഞു.

വിധിയിൽ സന്തോഷമെന്നായിരുന്നു അച്ഛൻ ത്രിവിക്രമന്റെ പ്രതികരണം. ജാമ്യം റദ്ദാക്കിയ പ്രതി കിരൺ കുമാറിനെ നടപടികൾ പൂർത്തിയാക്കി 12.30 ന് ജില്ലാ ജയിലിലേക്ക് മാറ്റുന്നത് വരെയും കോടതി മുറ്റത്തെ ആൾക്കൂട്ടം അതേപടി തുടർന്നു. കിരണിനെ പുറത്തേക്ക് കൊണ്ടുവരുമ്പോൾ ഒരു വട്ടം കാണാൻ ആൾക്കൂട്ടം ഓടിക്കൂടി. നിറഞ്ഞ കണ്ണുകളോടെ ദൂരെ മാറി നിന്ന് ത്രിവിക്രമൻ ആ കാഴ്ച കണ്ടു. മരുമകൾ രേവതിയുടെ സഹോദരനും മറ്റു ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

സമൂഹത്തെ ഇങ്ങനെ പേടിക്കരുതായിരുന്നു

കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത് ടിവിയിലൂടെ കാണുമ്പോൾ കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു അമ്മ സജിത. മകൾ മരിച്ച് 11 മാസം പിന്നിടുമ്പോഴും ‘‘എനിക്കിനി വയ്യ’’ എന്ന് അവൾ ഉള്ളുപൊള്ളി പറഞ്ഞത് ഇപ്പോഴും സജിതയുടെ കാതിൽ മുഴങ്ങുന്നുണ്ട്...മകളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കിയ വിവാഹത്തെക്കുറിച്ചും സ്ത്രീധനത്തോടുള്ള ആർത്തിയെക്കുറിച്ചുമാണ് വിധി വരുമ്പോൾ അമ്മയ്ക്ക് ആവർത്തിച്ചു പറയാനുള്ളത്..

‘‘24 വയസ്സിലായിരുന്നു അവളുടെ വിവാഹം. ഇപ്പോ ആലോചിക്കുമ്പോൾ ഒരിക്കലും അവളെ ആ സമയത്ത് വിവാഹം കഴിപ്പിക്കരുതായിരുന്നു എന്നാണ് തോന്നുന്നത്. പഠനം പൂർത്തിയാക്കാൻ ഒരു വർഷം കൂടി ബാക്കിയുണ്ടായിരുന്നു. പഠനം പൂർത്തിയാക്കി ജോലി നേടി വിവാഹം വേണമെന്ന് പറയാതെ പെൺകുട്ടികളെ ഒരിക്കലും വിവാഹം കഴിപ്പിക്കരുത്. അവരുടെ ജീവിതമാണ്. വിസ്മയയ്ക്ക് ആലോചന വരുമ്പോൾ സർക്കാർ ജോലിക്കാരനാണല്ലോ, അവളുടെ ശരീരപ്രകൃതിക്ക് ചേരുന്നതു പോലെ ഒരു പയ്യനാണല്ലോ എന്നൊക്കെ നോക്കി വേഗം വിവാഹം കഴിപ്പിക്കുകയായിരുന്നു. ജോലിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ അല്ലായിരുന്നേനേ എന്റെ അവസ്ഥ എന്ന് വിസ്മയ പിന്നീട് പറഞ്ഞിട്ടുണ്ട്.

വേണ്ടെങ്കിൽ അവന് അവളെ ഇവിടെ കൊണ്ടു വിട്ടാൽ മതിയായിരുന്നു. കുറേക്കഴിഞ്ഞ് ഇങ്ങ് പോരാൻ പറയുമ്പോൾ, ചേട്ടനും ചേച്ചിയും അവിടെയില്ലേ അമ്മാ.. ഞാൻ വന്നു നിന്നാൽ ആളുകൾ എന്ത് പറയും.. അച്ഛൻ പൊതുപ്രവർത്തകൻ അല്ലേ.. ഞാൻ കാരണം അച്ഛന്റെ പേര് പോകരുത് എന്നൊക്കെയാണ് അവൾ പറഞ്ഞത്. സമൂഹത്തെ ഇത്രയധികം പേടിക്കരുതായിരുന്നു. ആ പേടിയാണ് എന്റെ മോളെ ഇല്ലാതാക്കിയത്. മക്കൾ വീട്ടിൽ വന്നു നിന്നാൽ എന്താ? മറ്റെന്തിനേക്കാളും വലുത് നമ്മുടെ മക്കളും അവരുടെ സന്തോഷവുമായിരിക്കണം.. ഞാൻ അനുഭവിക്കുന്ന വേദന ഒരമ്മയ്ക്കും ഇനി വരരുത്...’

അറംപറ്റിയ വാക്കുകൾ 

വിസ്മയയുടെ അമ്മയുടെ വാക്കുകൾ അറം പറ്റി. ആ ചോദ്യത്തിനു ശേഷം കിരൺകുമാർ പിന്നെ ജോലിക്കു പോയില്ല. വിസ്മയ  ജീവനൊടുക്കുന്നതിന്റെ തലേന്ന്, അമ്മ സജിതയുമായി ഫോണിൽ സംസാരിക്കുമ്പോഴാണ് കിരൺ കുമാറിന് ഇനി ഒരിക്കലും ജോലിക്ക് പോകണ്ടേ എന്നു ചോദിച്ചത്. വിശേഷങ്ങൾ പറയുന്നതിനിടയിൽ സജിത മകളോടു ചോദിച്ചു ‘ഇന്നു പോകണ്ടേ’  എന്ന് ചോദിച്ചു. . ‘ഇന്നു പോകണ്ട, നാളെയും പോകേണ്ടായിരിക്കും’ എന്നു പറഞ്ഞപ്പോഴാണ് ‘അതെന്ത്  ഒരിക്കലും പോകണ്ടേ?’ എന്നു സജിത ചോദിച്ചത്. അടുത്ത ദിവസം വിസ്മയ ജീവനൊടുക്കുകയും കിരൺ കുമാർ അറസ്റ്റിലാവുകയും ചെയ്തു. പിന്നീട് സർവീസിൽ നിന്നു പിരിച്ചു വിട്ടു. കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള സാധ്യത അടഞ്ഞു. 

‘ശിക്ഷ സ്വീകരിക്കാൻ ഞാൻ തയാറാണ്’

മകൾ ജീവനൊടുക്കിയ ദിവസം മുതൽ ഇന്നു വരെ അച്ഛൻ കെ. ത്രിവിക്രമൻ മുടിയും താടിയും എടുത്തിട്ടില്ല. കണ്ണീരും കുറ്റബോധവും ചേർന്ന് മറ്റൊരാളായി മാറിയ അദ്ദേഹം ഇന്ന് മകളെ ചേർത്തുപിടിച്ച് പുഞ്ചിരിച്ചിരുന്ന രൂപത്തിന്റെ നിഴൽ മാത്രമാണ്. ശിക്ഷ ഉറപ്പായെങ്കിലും അലസമായി വളർന്ന താടിയും മുടിയും എടുക്കാൻ ത്രിവിക്രമന് ഇപ്പോഴും മനസ്സ് വന്നിട്ടില്ല. വിധിയിൽ സന്തോഷമുണ്ടെന്നും പരമാവധി ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നുമായിരുന്നു അച്ഛന്റെ ആദ്യ പ്രതികരണം. ‌‘‘ഞാനും ഇതിൽ തെറ്റുകാരനാണ്. നിങ്ങളുടെ മകൾക്ക് എന്ത് കൊടുക്കും എന്ന് ചോദിക്കുമ്പോൾ ഞാനൊരിക്കലും അത് പറയരുതായിരുന്നു.

സ്ത്രീധനമോഹമാണ് എന്റെ മകളുടെ ജീവനെടുത്തത്. ഈ സമ്പ്രദായം നിർത്തണം. എനിക്ക് കോടതി എന്ത് ശിക്ഷ തന്നാലും അനുഭവിക്കാൻ തയാറാണ്.’’ കുറ്റബോധം കൊണ്ട് ദുർബലമായിപ്പോയ ശബ്ദത്തിലായിരുന്നു ത്രിവിക്രമൻ സംസാരിച്ചത്.മകൾ പലതവണ കരഞ്ഞ് പറഞ്ഞപ്പോഴും ജീവനൊടുക്കുമെന്ന് അച്ഛൻ കരുതിയില്ല.മകളെ വീട്ടിലേക്ക് കൊണ്ടുവരാഞ്ഞതിന്റെ പേരിൽ കടുത്ത ഭാഷയിൽ ശാസിക്കുകയാണ് ത്രിവിക്രമനെ ആദ്യം കണ്ടപ്പോൾ താൻ ചെയ്തതെന്നും അത് മുഴുവൻ സമ്മതിച്ചപ്പോൾ ഒരു അച്ഛന്റെ കുമ്പസാരം എന്ന നിലയിൽ കണ്ടാണ് ശക്തമായി കേസ് മുന്നോട്ടു കൊണ്ടുപോയതെന്നും പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് പറഞ്ഞു.

നിർണായകമായത് ഫോൺ രേഖകൾ

സ്ത്രീധനപീഡന മരണം സംബന്ധിച്ചുള്ള അന്വേഷണത്തിൽ, വിവാഹവേളയിൽ സ്ത്രീധനം ആവശ്യപ്പെട്ടതായി തെളിയിക്കാൻ സാധാരണ വലിയ പ്രയാസമാണെന്നും എന്നാൽ വിസ്മയ സുഹൃത്തുക്കളോടും ഉറ്റവരോടും ഇതേപറ്റി പറഞ്ഞ വിവരങ്ങൾ തെളിവുകളോടെ കണ്ടെത്തിയത് നിർണായകമായതായി ഡിവൈഎസ്പി പി.രാജ്കുമാർ. സംഭവം നടന്ന ജൂൺ 21തന്നെ ഫോണുകൾ അന്വേഷണസംഘം പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിച്ച ശേഷം ഫൊറൻസിക് സയൻസ് ലാബിനു കൈമാറിയിരുന്നു.പിന്നീട് ലാബിൽ നിന്ന് ഇതിന്റെ പകർപ്പാണ് പൊലീസിനു ലഭിച്ചത്.

കുറ്റപത്രം സമർപ്പിച്ച ശേഷമാണ് മുഴുവൻ കോളുകളും ഏഴംഗ സംഘം 5 ദിവസത്തോളം തുടർച്ചയായി ഇരുന്നു കേട്ടത്. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ശരിവയ്ക്കുന്നതായിരുന്നു ഓരോ കോളുകളും. സാക്ഷിമൊഴികളിലെ ശരിയായ വസ്തുതകൾ മാത്രം രേഖപ്പെടുത്തിയ ശേഷം വോയ്സ് കോളുകളുമായി ഒത്തുനോക്കി ശരിയെന്നു ബോധ്യപ്പെട്ടത് സഹായകരമായി. ഇതു തെറ്റിയിരുന്നെങ്കിൽ തുടരന്വേഷണത്തിലേക്ക് പോയേനെ.

കൂറുമാറി, 5 സാക്ഷികൾ

വിസ്മയ കേസിൽ 5 സാക്ഷികൾ വിചാരണയ്ക്കിടെ പ്രതിഭാഗത്തേക്കു കൂറുമാറി. പ്രതി കിരൺകുമാറിന്റെ പിതാവ് സദാശിവ‍ൻപിള്ള, പ്രതിയുടെ സഹോദരി കീർത്തി, കീർത്തിയുടെ ഭർത്താവ് മുകേഷ് എം. നായർ, പ്രതിയുടെ പിതൃസഹോദരന്റെ മകൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി എന്നിവരാണ് കൂറുമാറിയത്. ബിന്ദു കുമാരി കൂറുമായെങ്കിലും വിസ്മയയുടെ മരണം അറി‍ഞ്ഞു ആശുപത്രിയിൽ എത്തിയപ്പോൾ, ‘നിനക്ക് ഇപ്പോൾ സ്വർണവും കാറു കിട്ടിയോ’ എന്നു ചോദിച്ചപ്പോൾ കിരൺ കൈമലർത്തി കാണിച്ചെന്ന മൊഴി ശരിയാണെന്നു കോടതിയിൽ പറ‍ഞ്ഞു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 42 സാക്ഷികളെ വിസ്തരിക്കുകയും 120 രേഖകളും 12 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. 69 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.

വിസ്മയയുടെ വീട്ടിലുണ്ട്, ആ കാർ

വിസ്മയയെ കിരൺ മാനസികമായും ശാരീരികമായി പീഡിപ്പിക്കുന്നതിനു പ്രധാന കാരണമായതു വിവാഹ സമയത്ത് സമ്മാനമായി നൽകിയ കാർ ആണ്. ഇപ്പോൾ ആ കാർ വിസ്മയയുടെ വീട്ടിലുണ്ട്. സ്വർണാഭരണങ്ങൾ കുറഞ്ഞുപോയതിനും സ്ത്രീധനമായി ലഭിച്ച കാറിൽ തൃപ്തി ഇല്ലാത്തതിനാലും പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് കുറ്റപത്രത്തിൽ. കാറിന്റെ പേരിൽ സ്ഥിരമായി വിസ്മയയെ കിരൺകുമാർ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു.

ഈ കാറിൽ സഞ്ചരിക്കുമ്പോഴും വാഹനത്തിന്റെ പേരിൽ വിസ്മയയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ചിറ്റുമല ഓണമ്പലത്ത് കാർ നിർത്തിച്ച ശേഷം സമീപത്തെ വീട്ടിലേക്ക് വിസ്മയ ഓടിക്കയറി രക്ഷപ്പെട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്. വിസ്മയയെയും കാറും ഉപേക്ഷിച്ച് കിരൺ അവിടെ നിന്നു പോയി. ഒരു മണിക്കൂർ കഴിഞ്ഞാണ് തിരികെ വന്നു വിളിച്ചു കൊണ്ടുപോയത്. 2021 ജനുവരി 2 നു രാത്രി 10 മണിയോടെ വീട്ടിലെത്തിയ കിരൺ വിസ്മയയെ ബലമായി പിടിച്ചു കാറിൽ കയറ്റിയ ശേഷം രാത്രി 1.20 ന് നിലമേലിൽ വിസ്മയയുടെ വീട്ടിലെത്തി.

കാർ സംബന്ധിച്ചും സ്ത്രീധനം സംബന്ധിച്ചും അപ്പോഴും അധിക്ഷേപം നടത്തി. അവിടെ വച്ചു വിസ്മയയെ മർദിച്ചു. തടയാൻ ശ്രമിച്ച സഹോദരനെയും മർദിച്ചു. ഇതു സംബന്ധിച്ചു ചടയമംഗലം പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് ഒത്തുതീർപ്പായി. ‘പാട്ടക്കാറും വേസ്റ്റ് പെണ്ണിനെയും തലയിൽ കെട്ടിവച്ച് അങ്ങനെ സുഖിക്കേണ്ട’ എന്നു പറഞ്ഞു ആക്ഷേപിച്ചു. ഇവൾ ഇവിടെ നിൽക്കട്ടെ എന്നു പറഞ്ഞു കിരൺ കഴുത്തിൽ കിടന്ന മാല ഊരി വിസ്മയയുടെ പിതാവിന്റെ നേർക്ക് എറിഞ്ഞ ശേഷം അവിടെ നിന്നു പോയി എന്നാണ് കുറ്റപത്രത്തിൽ. പിന്നീട് കാർ അവിടെ നിന്നു കിരൺ കൊണ്ടുപോയില്ല.