'മരിച്ചവരെ വീണ്ടും കൊല്ലുന്ന വിചാരണ; മാറ്റം വേണം': വിസ്മയയുടെ കുടുംബം

സ്ത്രീധന പീഡനക്കേസുകളിൽ  ഇരയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ള കോടതി വിചാരണ രീതികള്‍ക്കു മാറ്റം വേണമെന്നു കൊല്ലത്തെ വിസ്മയയുടെ കുടുംബം. മരിച്ചവരെ വീണ്ടും കൊല്ലുന്ന രീതിയിലാണു കോടതി നടപടികള്‍ മിക്കപ്പോഴും. പ്രതിവിഭാഗം അഭിഭാഷകന്റെ ക്രോസ് വിസ്താരത്തിലെ ചോദ്യങ്ങള്‍ തങ്ങാനാവാതെ അമ്മ കോടതി മുറിക്കുള്ളില്‍ തളര്‍ന്നു വീഴുന്ന സാഹചര്യം വരെയുണ്ടായെന്നും വിസ്മയയുടെ സഹോദരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

രണ്ടുകൊല്ലം. മരിച്ചു ജീവിക്കുന്ന കുടുംബം. വിസ്മയ എന്ന പെണ്‍കുട്ടി കേരളത്തിന്റെ തീരാനോവായതിന്റെ കാലയളവും ആ കുടുംബത്തിന്റ ഇന്നത്തെ അവസ്ഥയും ചുരുക്കിപറഞ്ഞാല്‍ ഇങ്ങനെയാണ്. കൊച്ചുമകന്‍ നീലിന്റെ കളിചിരികളിലും കുറുമ്പുകളിലും അലിഞ്ഞുചേര്‍ന്നു വേദനകളെ മറക്കാനാണു ശ്രമം. സ്ത്രീധന പീഡനക്കേസുകളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇതുവരെ സംഭരിച്ചുവച്ച ധൈര്യമെല്ലാം ചോരും. തങ്ങള്‍ അനുഭവിച്ചതു മറ്റൊരാള്‍ക്കും ഉണ്ടാവരുതേയെന്നാണ് അപേക്ഷ.

 പ്രിയപ്പെട്ടവര്‍ നഷ്ടമായവരെ കൊല്ലാതെ കൊല്ലുന്ന രീതിയിലാണു കേസുകളുടെ വിചാരണ. ഇതിനും മാറ്റമുണ്ടാവണം. ഓരോ മരണവും ഉണ്ടാകുമ്പോഴുള്ള സ്വാഭാവിക പ്രതികരണങ്ങള്‍ക്കപ്പുറം ദുരാചാരത്തെ  എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള നടപടികളാണു വേണ്ടത്. ഇതിനായി സ്കൂള്‍ പാഠ്യപദ്ധതിയില്‍ ബോധവല്‍ക്കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു

Vismaya famliy wants a change in court trial methods in dowry abuse cases

Enter AMP Embedded Script