ഷൈമോള്‍ നേരിട്ടത് ക്രൂര പീഡനം; പരാതിപ്പെട്ടതിന്‍റെ പേരില്‍ ഭീഷണി

കോട്ടയം അതിരമ്പുഴയിൽ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച ഷൈമോള്‍ നേരിട്ടത് ക്രൂര പീഡനങ്ങള്‍. ഷൈമോളുടെ  ശരീരമാസകലം ചതവുകളും മുറിവുകളുമായിരുന്നു. നെഞ്ചിന്‍റെ ഭിത്തി ചവിട്ടി തകർത്തെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.  പരാതിപ്പെട്ടതിന്‍റെ പേരില്‍ കുടുംബത്തിന് നേരെ  ഇപ്പോഴും  ഭീഷണിയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു 

കഴിഞ്ഞ നവംബർ ഏഴിനാണ് ഭർതൃ വീട്ടുകാർ ഹൃദയാഘാതമെന്ന് പറഞ്ഞ് 24 കാരിയായ ഷൈമോളെ തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. രണ്ടു സഹോദരന്മാരുടെ ഏക അനുജത്തിയായിരുന്ന ഷൈമോള്‍ മരിച്ച് 86 ദിവസം പിന്നിടുമ്പോഴും അമ്മ ഷീലയുടെ നെഞ്ചിലെ നീറ്റൽ മാറിയിട്ടില്ല.

നാലു വർഷങ്ങൾക്കു മുൻപ് വിവാഹം കഴിച്ച ഷൈമോൾ ഭർതൃവീട്ടിൽ അനുഭവിച്ചത് കൊടിയ പീഡനങ്ങളെന്നാണ് തെളിവുകൾ പറയുന്നത്. എങ്കിലും അന്നൊന്നും പ്രശ്നങ്ങളൊന്നും വീട്ടിൽ അറിയിക്കാൻ ഷൈമോളെ അനുവദിച്ചില്ല. ലഹരി ഉപയോഗിച്ചായിരുന്നു അക്രമങ്ങൾ പലതും. മരണശേഷം പരാതിപ്പെട്ട കുടുംബത്തിന് നേരെ പലവട്ടം ഭീഷണി ഉണ്ടായി. പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയതിനു ശേഷവും ഭീഷണി തുടരുകയാണ്. ഇപ്പോഴും വീടിനുമുന്നിൽ വന്ന് തെറിവിളിച്ചും കളിയാക്കിയും മടങ്ങുകയാണ് ഷൈമോളുടെ ഭർത്താവായിരുന്ന അനിൽ വർക്കി.

19 വയസ്സിൽ ഷൈമോൾ അനിൽ വർക്കിയെ പ്രണയിച്ച് വിവാഹം കഴിക്കുന്ന സമയത്തും കഞ്ചാവ് കേസിൽ പ്രതിയായിരുന്നു. രണ്ടര വയസ്സുള്ള കുട്ടി ഉണ്ടെങ്കിലും പിതാവിന്‍റെ വീട്ടിൽ സുരക്ഷിതയല്ലാത്തതിനാൽ സിഡബ്ല്യുസി ഏറ്റെടുത്തിരിക്കുകയാണ്. ശരീരമാസകലം ഉപദ്രവിച്ചപ്പോഴും പുറത്തുപറയാൻ കഴിയാതെ മരിച്ചുപോയ 24 കാരിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയിലാണ് കുടുംബം.

Shymol, who died as a victim of dowry harassment in Kottayam Athirampuzha, faced brutal torture

Enter AMP Embedded Script