ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് സ്റ്റേ

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. 441 കൈവശക്കാരുടെ പക്കലുള്ള 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴി‌ഞ്ഞ മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിച്ചതും ചട്ട വിരുദ്ധമായാണെന്ന വാദം അംഗീകരിച്ചാണ് സ്റ്റേ.  

ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ  ഭൂമിയുടെ ഉടമസ്ഥാവകാശം ആർ‍ക്ക് എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ്  വിജ്ഞാപനമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. കൂടാതെ സാമൂഹിക ആഘാത പഠനം  നടത്തിയത് സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് ആണ്. ഇത് സർക്കാറിന് കീഴിലുള്ള ഏജൻസിയാണെന്നും, കേന്ദ്ര, സംസ്ഥാന ചടങ്ങൾക്ക്  വിരുദ്ധമാണിതെന്നും ഹർജിക്കാർ ആരോപിച്ചു.

HC stays land acquisition notification for Sabarimala airport