പ്രായ നിബന്ധനയിൽ സുധാകരനും; ആലപ്പുഴയിലെ പാർട്ടിയുടെ മുഖമാവാൻ സജി

ജി.സുധാകരൻ സംസ്ഥാന സമിതിയിൽ ഒഴിവാക്കപ്പെട്ടത് പ്രായപരിധി നിബന്ധനയെ തുടർന്നാണെന്ന് വിശദീകരിക്കാമെങ്കിലും അത് ആലപ്പുഴയിലെ സി പി എം രാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന പ്രതിഫലനം വലുതാണ്. സെക്രട്ടേറിയറ്റ് അംഗമായതോടെ സജി ചെറിയാൻ ജില്ലയിലെ പാർട്ടിയുടെ മുഖമായി ഉയർത്തപ്പെടുന്നു. ഒന്നും പറയാനില്ലെന്നായിരുന്നു സുധാകരൻ്റെ പ്രതികരണം

ആലപ്പുഴയിലെ സി പി എമ്മിൻ്റെ മുഖമായിരുന്നു ജി.സുധാകരൻ. എതിർപ്പുള്ളവർ പോലും ബഹുമാനത്തോടെ കണ്ടിരുന്നയാൾ.

സുധാകരന് 75 വയസായെന്ന് വിശ്വസിക്കാനാവാത്ത നിരവധി പ്രവർത്തകരുണ്ട് . ഒഴിവാക്കിയതിൽ സന്തോഷിക്കുന്ന ഒരു വിഭാഗം നേതാക്കൾ ആലപ്പുഴയിലെ പാർട്ടിയിലുണ്ട് എന്നത് രഹസ്യമല്ല. പ്രായ നിബന്ധനയിൽ താൻ ഒഴിവാക്കപ്പെടുമെന്ന കാര്യം സുധാകരന് അറിയാമായിരുന്നു എന്നാണ്  അദ്ദേഹത്തിൻ്റെ പ്രതികരണം സൂചിപ്പിക്കുന്നത്.

 പാർട്ടിയുടെ മുഖമായി സജി ചെറിയാൻ മാറുന്നുവെന്ന പ്രത്യേകതയുമുണ്ട് സജി ചെറിയാൻ പക്ഷമെന്ന പേരിൽ പ്രവർത്തിക്കുന്നുണ്ടെന്നതും യാഥാർഥ്യമാണ്. ആലപ്പുഴയിൽ  വിഭാഗീയത ശക്തമാണെന്നും തിരുത്തുമെന്നും പ്രവർത്തന റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയ സാഹചര്യത്തിൽ തൻ്റെ പേരിൽ അറിയപ്പെടുന്ന വിഭാഗത്തെ സജി ചെറിയാൻ തന്നെ തള്ളിക്കളയേണ്ടി വരും ആലപ്പുഴയിൽ തുടരുന്ന വിഭാഗീയത പാർട്ടി അന്വേഷിക്കുമെന്നുറപ്പാണ് .വ്യക്തികളെ ചുറ്റിപ്പറ്റിയുള്ള വിഭാഗീയത ഇനിയുണ്ടാകരുതെന്ന് പാർട്ടി നേതൃത്വത്തിന് നിർബന്ധമുണ്ട്. അച്ചടക്ക നടപടികൾ ഉൾപ്പെടെയുളള തിരുത്തലുകളിലൂടെ ഇത് സാധ്യമാക്കാനാണ് ശ്രമം.സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്ന ജി.സുധാകരന് ഇനി എന്തു ചുമതലയാണ് പാർട്ടി നൽകുന്നതെന്ന് അറിയാൻ കാത്തിരിക്കണം. അദ്ദേഹത്തിൻ്റെ അനുഭവസമ്പത്തും പ്രവർത്തന മികവും പാർട്ടി ഉപയോഗപ്പെടുത്തുമെന്നുറപ്പാണ്. ജി.സുധാകരൻ കൈവെള്ളയിൽ കൊണ്ടു നടന്ന പാർട്ടിയാണ് ആലപ്പുഴയിലേത്.സംസ്ഥാന നേതൃനിരയിൽ നിന്ന് സുധാകരൻമാറുമ്പോൾ അത് എങ്ങനെ ആലപ്പുഴയിൽ സ്വാധീനിക്കുമെന്ന് വരും കാലങ്ങളിൽ വ്യക്തമാകും