ജി.സുധാകരനെതിരെ വിമർശനം; പോസ്റ്ററുകൾക്ക് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്ന് എച്ച്. സലാം

തിരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ജി.സുധാകരനെതിരെ രൂക്ഷ വിമർശനം. എ.എം.ആരിഫ് എംപി, എച്ച്.സലാം എംഎൽഎ എന്നിവരടക്കമാണ്  കടുത്ത ഭാഷയിൽ സുധാകരനെ വിമർശിച്ചത്. അടുത്ത കാലത്തെങ്ങും സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗങ്ങളിൽ സുധാകരനെതിരെ ഇത്രയും രൂക്ഷ വിമർശനം ഉണ്ടായിട്ടില്ല. വിഡിയോ റിപ്പോർട്ട് കാണാം. 

തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആദ്യമായാണ് രണ്ടു ദിവസങ്ങളിലായി ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേർന്നത്. രണ്ടുയോഗങ്ങളിലും സുധാകരൻ പങ്കെടുത്തിരുന്നില്ല. ജില്ലാ സെക്രട്ടറി ആർ.നാസർ അവതരിപ്പിച്ച  തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ഡോ.തോമസ് ഐസക്കും ജി.സുധാകരനും തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മികച്ച പ്രവർത്തനം കാഴ്ചവച്ചു എന്നു പറഞ്ഞിരുന്നു .റിപ്പോർട്ടിനെക്കുറിച്ച് നടന്ന ചർച്ചയിൽ എ.എം.ആരിഫ് എം.പിയാണ് ജി.സുധാകരനെതിരെ വിമർശനം തുടങ്ങി വച്ചത്. അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം വൈകാരികമായാണ് ജില്ലാ കമ്മിറ്റിയിൽ സംസാരിച്ചത്. സീറ്റ്  ഇല്ലാതിരുന്നിട്ടും ആലപ്പുഴ മണ്ഡലത്തിൽ തോമസ് ഐസക് പ്രവർത്തിച്ചതുപ്പോലെ അമ്പലപ്പുഴയിൽ സുധാകരൻ പ്രവർത്തിച്ചില്ലെന്ന് സലാം പറഞ്ഞു. 

സീറ്റ് ലഭിക്കാതിരുന്നതിന്റെ എതിർപ്പ് പല രീതികളിൽ പ്രകടിപ്പിച്ചു. ഒരു വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായി തന്നെ ചിത്രീകരിക്കാൻ ശ്രമം നടന്നിട്ടും അതിനെ എതിർക്കാൻ സുധാകരൻ ശ്രമിച്ചില്ലെന്ന് സലാം കുറ്റപ്പെടുത്തി. കുടുംബ യോഗങ്ങളിലെ ശരീരഭാഷ പോലും അനുകൂലമായിരുന്നില്ല. വികസന രേഖ പുറത്തിറക്കുകയോ തിരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാൻ സഹായിക്കുകയോ ചെയ്തില്ല. തനിക്കെതിരെ പതിച്ച പോസ്റ്ററുകൾക്കു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും സലാം  ആവശ്യപ്പെട്ടു. അടുത്ത കാലത്തെങ്ങും സിപിഎം ജില്ലാ നേതൃയോഗങ്ങളിൽ സുധാകരനെതിരെ ഇത്തരം കടുത്ത വിമർശനം ഉയർന്നിട്ടില്ല. സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പോരായ്മകളെപ്പറ്റി സംസ്ഥാന നേതൃത്വത്തിന് ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് യോഗത്തിൽ  എ.വിജയ രാഘവൻ അറിയിച്ചു. 

സംസ്ഥാന സെക്രട്ടേറിയറ്റിനെ പ്രതിനിധീകരിച്ച് പി .കരുണാകരൻ, തോമസ് ഐസക് എന്നിവരും ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തു. പാർട്ടി അറിയാതെ സ്വന്തം ചിത്രം വച്ച് പോസ്റ്റർ അടിച്ച എം.എം. ആരിഫിനെതിരെയും അവലോകന റിപ്പോർട്ടിൽ വിമർശനമുണ്ട്. തെറ്റായ പ്രവണതയാണിതെന്നായിരുന്നു വിമർശനം. അമ്പലപ്പുഴയിൽ ജി.സുധാകരന്റെ ചിത്രമുള്ള പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചതിനെക്കുറിച്ച് ഏരിയ കമ്മിറ്റി അന്വേഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.