കൊച്ചിയിലെ രണ്ട് മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ തീപിടുത്തം; നിയന്ത്രണവിധേയം

കൊച്ചിയിലെ ബ്രഹ്മപുരം, കളമശേരി മാലിന്യ സംസ്കരണ പ്ലാന്‍റുകളില്‍ തീപിടിത്തം. സംഭരണ കേന്ദ്രങ്ങളില്‍ കൂട്ടിയിട്ടിരുന്ന മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇരുസ്ഥലങ്ങളിലേയും തീ നിയന്ത്രണ വിധേയമാക്കി.

കളമശേരി നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. ദേശീയപാത , റെയിൽവേ , മെട്രോ എന്നിവയോട് ചേർന്നാണ് സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്. എങ്കിലും മൂന്നിടത്തെയും ഗതാഗതം തടസപ്പെട്ടില്ല. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി. ക്ലീൻ കേരള കമ്പനിയുമായി മാലിന്യ നീക്കത്തിന് കരാർ ഒപ്പിട്ടിരുന്നതായും, കമ്പനി കൃത്യമായി മാലിന്യം നീക്കാതിരുന്നതാണ് കാരണമെന്നും നഗരസഭാധ്യക്ഷ സീമ കണ്ണൻ പറഞ്ഞു.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ പിന്‍വശത്ത് കടപ്രയാറിനോട്  ചേർന്നുള്ള ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിലാണ് തീപിടിച്ചത്.  ഫയർ എൻജിനുകൾക്ക്  കടന്ന് വരാൻ കഴിയാത്തത് തീയണയ്ക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായി. പ്ലാന്റിലെ ഫയർ ഹൈഡ്രന്റ് ഉപയോഗിച്ച്  രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി. കനത്ത കാറ്റിൽ കൂടുതൽ മാലിന്യ കൂമ്പാരത്തിലേക്ക് തീ പടർന്നത് ആശങ്കയ്ക്ക് ഇടയാക്കി