നീതിക്കായി പോരാടി കന്യാസ്ത്രീകൾ; അടിയുറച്ച നിലപാടുമായി തെരുവിലിറങ്ങി; പ്രതീക്ഷ

അതിജീവിതയായ കന്യാസ്ത്രീയുടെയും കുടുംബത്തിന്‍റെയും സഹ കന്യാസ്ത്രീകളുടെയും അടിയുറച്ച നിലപാടും പോരാട്ടവുമാണ് കേസില്‍ വഴിത്തിരിവായത്. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളെ ഇവര്‍ സധൈര്യം നേരിട്ടു. നീതിക്കായി കന്യാസ്ത്രീകള്‍ തെരുവില്‍ നടത്തിയ സമരവും അന്വേഷണത്തില്‍ നിര്‍ണായകമായി. 

അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്ന ഘട്ടത്തില്‍ നടത്തിയ പ്രതികരണം. കേസ് അട്ടിമറിക്കാന്‍ ശ്രമമാണ്. അന്വേഷണ സംഘത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്)

പൊതുസമക്ഷത്തില്‍ അതിജീവിതയുടെ നാവായിമാറിയത് ഈ അഞ്ചുപേരാണ്. ബിഷപ്പില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ അതിജീവിത ആദ്യം പങ്കുവെയ്ക്കുന്നത് ഇവരോടാണ്. സഭയില്‍ നിന്ന് പ്രതികാരനടപടികള്‍ തുടര്‍ന്നപ്പോള്‍ പൊലീസിനെ സമീപിച്ചതും നിയമപോരാട്ടത്തിന് ഇറങ്ങി തിരിച്ചതും ഇവരുടെ കരുത്തില്‍. ബിഷപ്പിന്‍റെ അറസ്റ്റിലേക്ക് നീങ്ങവെ അന്വേഷണം ക്രൈംബാഞ്ചിന് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കത്തെ ഇവര്‍ ചെറുത്ത് തോല്‍പ്പിച്ചു. അന്വേഷണം ഗതിമാറിയ ഘട്ടങ്ങളിലെല്ലാം ഇവര്‍ പോരാളികളായി. 

കേസിലെ നിര്‍ണായക സാക്ഷികളാണ് അഞ്ചുപേരും. ഇവരെ സ്വാധീനിക്കാന്‍ ശ്രമങ്ങളുണ്ടായി. കേസ് ഒത്തുതീർപ്പാക്കാൻ സഹ കന്യാസ്തീമാര്‍ക്ക് സിഎംഐ വൈദികൻ ജെയിംസ് ഏർത്തയിൽപത്ത് ഏക്കറും മഠവുമാണ് വാഗ്ദാനം ചെയ്തത്. ശ്രമം പരാജയപ്പെട്ടതോടെ ഇവര്‍ താമസിക്കുന്ന മഠത്തിലെ ഇതരസംസ്ഥാന തൊഴിലാളിയെ സ്വാധീനിച്ച് അപായപ്പെടുത്താനും ശ്രമമുണ്ടായി. സ്ഥലംമാറ്റാനുള്ള നീക്കവും ചെറുത്ത് തോല്‍പ്പിച്ചു.  അതിജീവിതയുടെ കുടുംബത്തെയും തുടര്‍ച്ചയായി വേട്ടയാടി. സഹോദരന് അഞ്ച് കോടി രൂപയായിരുന്ന വാഗ്ദാനം. സഹോദരിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. പരാതിക്കാരിയുടെ ചിത്രം പ്രചരിപ്പിച്ചതിന് പുറമെ ബിഷപ്പ് അനുകൂലികളായ രാഷ്ട്രീയ നേതാക്കളും കന്യാസ്ത്രീകളെ പരസ്യമായി അധിക്ഷേപിച്ചു. പതറാതെ പോരാടിയ ഇവര്‍ പോരാട്ടം വെറുതെയാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ്.