ദേശീയപാത 66; നാലുവരിക്കായി ഏറ്റെടുത്ത സ്ഥലം കൈമാറിത്തുടങ്ങി

ദേശീയപാത അറുപത്തിയാറ് നാലുവരിയാക്കുന്നതിനായി കൊല്ലത്ത് ഏറ്റെടുത്ത സ്ഥലങ്ങൾ റവന്യൂവിഭാഗം ദേശീയപാത വിഭാഗത്തിന് കൈമാറിത്തുടങ്ങി. ഒാച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെ അന്‍പത്തിയേഴ് കിലോമീറ്ററിലാണ് ജില്ലയിലെ ദേശീയപാത വികസനം. വീടും സ്ഥലവും നഷ്ടപ്പെടുന്നവക്ക് തുക നൽകുന്നതിനൊപ്പം ഏറ്റെടുത്ത സ്ഥലങ്ങള്‍ ദേശീയപാത വിഭാഗത്തിന് കൈമാറുന്ന പ്രവർത്തികള്‍ അതിവേഗം തുടരുകയാണ്്. കാവനാട് മേഖലയില്‍ നീണ്ടകര വേട്ടുതറ ഭാഗത്തെ ഭൂമിയുടെ രേേഖകൾ ദേശീയപാത ലെയ്സൺ ഓഫിസർക്കു കൈമാറി വസ്തുകൈമാറ്റത്തിനു തുടക്കമിട്ടു. ഒരു ഡെപ്യൂട്ടി കലക്ടറുടെ നേതൃത്തില്‍ കരുനാഗപ്പള്ളി, കാവനാട്, പള്ളിമുക്ക്, ചാത്തന്നൂർ എന്നീ തഹസിൽദാർമാരുമാണ് ഇതേപോലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെയുള്ള  57 കിലോമീറ്റര്‍ ദൂരത്തില്‍ നിലവിലുള്ള പാതയുടെ ഇരുവശത്തു നിന്നായി 57 ഹെക്ടര്‍ സ്ഥലമാണ് എടുക്കുന്നത്. 57 ഹെക്ടറില്‍ ഇതുവരെ ഏറ്റെടുത്തത് ആറു ഹെക്ടറാണ്. 2300 ഭൂഉടമകള്‍ക്ക് രണ്ടായിരം കോടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഇതിനോടകം മുന്നൂറ്റൻപത് പേർക്ക് 192 കോടി രൂപ കൈമാറി. കെട്ടിടങ്ങളും മറ്റും ഇടിച്ചു നിരത്തി റോഡ് നിർമാണത്തിനു യോഗ്യമാക്കുന്ന പ്രവൃത്തി നാലു മാസം കൊണ്ട് പൂർത്തിയാക്കും. ഒാച്ചിറയില്‍ നിന്ന് നിര്‍മാണപ്രവൃത്തി ഉടന്‍ തുടങ്ങും. രണ്ടു റീച്ചുകളിലായി ഒന്നരവർഷത്തിനകം പാത പൂർത്തിയാക്കുമെന്ന് ദേശീയപാത ഉദ്യോഗസ്ഥര്‍ അറിയിച്ചു.