കുറ്റകൃത്യത്തില്‍ പാര്‍ട്ടിക്കും പങ്കുളളതുകൊണ്ട് ന്യായീകരണം: അനുപമ

പെറ്റമ്മ അവകാശമുന്നയിച്ചിട്ടും ദത്ത് നടപടികള്‍ക്ക് കുടപിടിച്ച ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ സംരക്ഷിച്ച് സിപിഎം. ഷിജുഖാന് തെറ്റുപറ്റിയെന്ന് എവിടെയും കണ്ടെത്തിയിട്ടില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ന്യായീകരിച്ചു. കുഞ്ഞിനെ നാടുകടത്തിയ കുററകൃത്യത്തില്‍ പാര്‍ട്ടിക്കും പങ്കുളളതുകൊണ്ടാണ് ന്യായീകരണമെന്ന് അനുപമ പ്രതികരിച്ചു. 

ദത്ത് കേസില്‍ ആരോപണമുനയിലായിരുന്ന ഷിജുഖാനെ കൂടുതല്‍ കുടുക്കുന്നതാണ് വനിതാശിശുവികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമയുടെ അന്വേഷണ റിപ്പോര്‍ട്ട്. കുഞ്ഞിനെത്തേടി അമ്മ അനുപമ ശിശുക്ഷേമസമിതിയിലെത്തിയിട്ടും ദത്ത് നടപടികള്‍ തടയാന്‍ ഇടപെടല്‍ നടത്തിയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റജിസ്റററില്‍ തിരിമറി നടത്തിയതായി സംശയമുണ്ടെന്ന ഗുരുതര പരാമര്‍ശവും ഷിജുഖാന് എതിരാണ്. എന്നിട്ടും  ആരെങ്കിലും സമരം നടത്തിയതുകൊണ്ട് നടപടി സാധിക്കില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ മറുപടി. ഡിവൈഎഫ്ഐ നേതാവ് കൂടിയായ ഷിജുഖാനെ ആദ്യം മുതല്‍   സംരക്ഷിക്കുന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സിപിഎം.

പാര്‍ട്ടിഗൂഡാലോചന പുറത്തുവരുമെന്നതുകൊണ്ടാണ് ഷിജുഖാനെ രക്ഷിക്കാന്‍ വ്യഗ്രത കാട്ടുന്നതെന്ന് അനുപമ തിരിച്ചടിച്ചു. ആദ്യരാത്രി  അമ്മയോടൊപ്പം ചെലവിട്ട കുഞ്ഞ് സന്തോഷവാനും ആരോഗ്യവാനുമാണെന്നും അനുപമ പറഞ്ഞു.  അതേസമയം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ആവശ്യമായ തെളിവുണ്ടെങ്കില്‍ മാത്രം സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്്. കോടതി ദത്ത് കേസ് കേസ് അവസാനിപ്പിച്ചതോടെ റിപ്പോര്‍ട്ട് കോടതിയില്‍ പോലും സമര്‍പ്പിക്കേണ്ട ആവശ്യമില്ല. ഇതോടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടും ഷിജുഖാനും സര്‍ക്കാരിന്റ കൈയില്‍ സുരക്ഷിതമാകാനാണ് സാധ്യത.