എയർ ഇന്ത്യയ്ക്കു നൽകിയ ഭൂമി തിരിച്ചെടുക്കുന്നു; 80 കോടി മതിപ്പുവില വരും

എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറിയതോടെ  സംസ്ഥാനത്ത്  എയർ ഇന്ത്യയ്ക്കു നൽകിയ സ്ഥലങ്ങളും കെട്ടിടങ്ങളും സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുക്കുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമായുള്ള 80 കോടി മതിപ്പുവില വരുന്ന ഭൂമിയും കെട്ടിടങ്ങളുമാണ്  സര്‍ക്കാര്‍ തിരിച്ചെടുക്കാന്‍ ഒരുങ്ങുന്നത് 

. തിരിച്ചെടുക്കാന്‍ നിയമതടസമുണ്ടെങ്കിലോ കെട്ടിടം ടാറ്റക്ക് ആവശ്യമുണ്ടെങ്കിലോ പാട്ടത്തുക കമ്പോള വിലയ്ക്ക് അനുസരിച്ച് പുനര്‍നിശ്ചയിക്കാനാണ് ആലോചന. എയര്‍ ഇന്ത്യ രാജ്യത്തിന്‍റെ സ്വന്തം വിമാനകമ്പനിയായപ്പോളാണ്  വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലും ഭുമി നല്‍കിയത്.  തിരുവനന്തപുരം വിമാനത്താവളത്തോടു ചേർന്ന്  9.4 ഏക്കർ, യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് സമീപം  20 സെന്റ്, ‌ വെള്ളയമ്പലത്തെ 87 സെന്റ്, കൊച്ചി കണയന്നൂർ താലൂക്കിലെ 28 സെന്റ് എന്നിവയാണ് എയർ ഇന്ത്യയുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി . സൗജന്യമായോ പാട്ടത്തിനോ നല്‍കിയ ഭൂമിയാണ് ഇവയെല്ലാം.  

എയര്‍ ഇന്ത്യയെ സ്വകാര്യ കമ്പനിയായ ടാറ്റ ഏറ്റെടുത്തതോടെ  ഭൂമിയുടെ കാര്യത്തില്‍ പുനരാലോചന വേണമെന്ന്  സര്‍ക്കാര്‍ തലത്തില്‍ ആലോചനയുയരുകയായിരുന്നു. സൗജന്യമായി നല്‍കിയ ഭൂമിയാണെങ്കില്‍ അതേപോലെ തിരിച്ചുതരാന്‍ ആവശ്യപ്പെടും. എയര്‍ഇന്ത്യ വിലയ്ക്ക് വാങ്ങിയ ഭൂമിയാണെങ്കില്‍ ,എങ്ങനെ തിരിച്ചെടുക്കാം എന്ന് നിയമോപദേശം തേടും. പാട്ടത്തിന് സ്വകാര്യകമ്പനിക്ക് ഇനിയും ആവശ്യമെങ്കില്‍ പാട്ടകുടിശിക തീര്‍ത്ത്, കമ്പോളവിലയെ അടിസ്ഥാനമാക്കി വില പാട്ടത്തുക പുതുക്കി നിശ്ചയിക്കും. ഇതേപ്പറ്റി പരിശോധിക്കാന്‍ റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റിയേ നിയോഗിക്കും.