ഒരുദിവസം പിന്നിട്ടിട്ടും ദുബായ് കോഴിക്കോട് വിമാനം പുറപ്പെട്ടില്ല; ദുരിതം

ദുബായില്‍ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള എയർ ഇന്ത്യ വിമാനം ഒരുദിവസം പിന്നിട്ടിട്ടും പുറപ്പെടാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഇന്നലെ ഉച്ചയ്ക്കു 2.45ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. കൈക്കുഞ്ഞുങ്ങൾ അടക്കം ഒട്ടേറെ പേരാണ് ദുരിതത്തിലായത്.  ബോർഡിങ് പാസെടുത്ത് 2.30 ഓടെ യാത്രക്കാരെയെല്ലാം വിമാനത്തിൽ കയറ്റിയെങ്കിലും  നാല് മണിക്കൂറോളം വിമാനത്തിൽ ഇരുത്തി. പിന്നീടാണ് സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി യാത്ര വൈകുമെന്ന് അറിയിക്കുന്നത്. വിമാനത്താവളത്തിൽ മണിക്കൂറുകൾ കാത്തിരുത്തിയശേഷം വീസ കാലാവധിയുള്ളവരെ രാത്രിയോടെ ഹോട്ടലിലേക്ക് മാറ്റിയെങ്കിലും സന്ദർശക വീസയിലെത്തിയ യാത്രക്കാർ വിമാനത്താവളത്തിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്.