വിമാനത്തിൽ കുഴഞ്ഞുവീണ് യാത്രക്കാരന്‍; വൈദ്യസഹായം നൽകി കേന്ദ്രമന്ത്രിയും എംപിയും

വിമാനത്തിൽ അസുഖബാധിതനായി കുഴഞ്ഞുവീണ യാത്രക്കാരനെ പരിചരിക്കാൻ ഓടിയെത്തി കേന്ദ്രമന്ത്രിയും എംപിയും. ഡൽഹി- ഔറംഗബാദ് എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരൻ കുഴഞ്ഞുവീണതോടെ വിമാനത്തിൽ ഏതെങ്കിലും ഡോക്ടർമാരുണ്ടോയെന്ന് ക്രൂ പരിശോധിച്ചു. ഇതിനിടെയാണ് കേന്ദ്ര ധനകാര്യ സഹമന്ത്രിയായ ഡോ. ബി.കെ. കരാഡും ബിജെപി എംപി ഡോ. സുഭാഷ് ഭാമ്രെയും വൈദ്യസഹായവുമായി എത്തിയത്.

'ഇന്നലെ ഞങ്ങളുടെ ഡൽഹി-ഔറംഗബാദ് ഫ്‌ൾട്ടിലെ ഒരു യാത്രക്കാരന് അസുഖം ബാധിച്ചു. എസ്ഒപി പ്രകാരം ഏതെങ്കിലും ഡോക്ടർ വിമാനത്തിൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ ക്രൂ അറിയിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ബി.കെ. കരാഡും ഡോ. സുഭാഷ് ഭാമ്രെയും വൈദ്യസഹായത്തിനായി എത്തി. ഇവർക്ക് നന്ദിയറിക്കുന്നു'– എന്ന് എയർ ഇന്ത്യ ട്വീറ്റ് ചെയ്തു.