മഴഭീതിയിൽ കുമരംപുത്തൂർ; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; ജാഗ്രത

പാലക്കാട് കുമരംപുത്തൂർ പൊതുവപ്പാടത്ത് മഴ സാധ്യത കണക്കിലെടുത്ത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. കാരാപ്പാടം സ്കൂളിലേക്ക് തൊണ്ണൂറ്റി എട്ടുപേരാണ് കരുതലിന്റെ ഭാഗമായി എത്തിയത്. പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. 

കഴിഞ്ഞ രാത്രിയില്‍ ഉള്‍പ്പെടെ പൊതുവപ്പാടം ഭാഗത്ത് അതിശക്തമായ മഴയാണുണ്ടായത്. മലവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ രാത്രി തന്നെ ഏതാനും വീട്ടുകാർ സമീപത്തെ മദ്രസയിൽ അഭയം തേടിയിരുന്നു. കനത്ത മഴയുണ്ടാ‌‌കാനുള്ള സാധ്യത കണക്കിലെടുത്ത് കാരപ്പാടം എഎൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങിയിട്ടുണ്ട്. മലവെള്ള പാച്ചിൽ ഭീഷണിയുള്ള വീട്ടുകാരെ പൂർണമായും ക്യാംപിലേക്ക്മാറ്റുമെന്ന് തഹസിൽദാർ പറഞ്ഞു. കാരാപ്പാടം നിന്ന് പതിനാലും പൊതുവപ്പാടത്ത് നിന്ന് പതിനാറും കുടുംബങ്ങളെയാണ് നിലവില്‍ മാറ്റിപ്പാര്‍പ്പിച്ചത്. 

മലയോര മേഖലകളിൽ മഴയുടെ ഭീഷണി ഒഴിഞ്ഞിട്ടില്ല. ഏത് സമയത്തും ഉരുൾപൊട്ടലിനോ മലവെള്ള പാച്ചിലിനോയുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം പൊതുവപ്പാടത്ത് അതിശക്തമായ മലവെള്ളപ്പാച്ചിലുണ്ടായപ്പോൾ ആദ്യം ഉരുള്‍പൊട്ടിയെന്നാണ് കരുതിയത്.കുട്ടികളെയും പ്രായമായവരെയും കൂട്ടി സമീപത്തെ മദ്രസയിൽ അഭയം തേടുകയായിരുന്നു. പ്രദേശത്തുള്ള ഏതാനും കുടുംബങ്ങള്‍ ബസു വീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. മറ്റുള്ളവരെയാണ് ക്യാംപുകളിലേക്ക് എത്തിക്കുന്നത്.