ഹൈറേഞ്ചിൽ തിമിർത്ത് പെയ്ത് മഴ; വാഹനങ്ങൾ മണ്ണിനടിയിൽപെട്ടു; ആശങ്ക

ഇടുക്കിയിൽ ഹൈറേഞ്ച് മേഖലകളിലടക്കം മഴ ശക്തമായി തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ഒരാഴ്ചയായി ജില്ലയിൽ ഉച്ചയ്ക്കു ശേഷവും രാത്രിയിലുമായി മഴയുണ്ടെങ്കിലും, ഇന്നലെയാണ് പരക്കെ ശക്തമായ മഴ ലഭിച്ചത്. കനത്ത മഴയിൽ ചെറുതോണി ടൗണിൽ പൊലീസ് സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് മൺതിട്ട ഇടിഞ്ഞു വീണു. വഴിയോരത്തു പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും മണ്ണിനടിയിൽ പെട്ടു. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ നാലരയോടെയാണ് അപകടം. നെടുങ്കണ്ടം സ്വദേശി ജോഷ്വായുടേതാണ് അപകടത്തിൽപെട്ട കാർ. കലക്ടറേറ്റിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു.

കാറിൽ 3 യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കരിമ്പൻ സ്വദേശി അശ്വിന്റെ ബൈക്കാണ് മണ്ണിനടിയിൽ പെട്ടത്. മണ്ണിടിച്ചിലിനു ഒപ്പം മരവും വൈദ്യുതി തൂണും റോഡിലേക്ക് പതിച്ചതോടെ സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിൽ നിന്നു ഫയർഫോഴ്സ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

പെരിഞ്ചാൻകുട്ടി സിറ്റിക്ക് സമീപം റോഡ് വെള്ളത്തിനടിയിലായി. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വെള്ളക്കെട്ടിൽ അകപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മഴ തിമിർത്തു പെയ്തിറങ്ങിയത്. ചപ്പാത്ത് കരകവിഞ്ഞ താണ് വെള്ളം റോഡിലേക്ക് കയറിയത്.ഇതോടെ മുള്ളിരിക്കടി- പെരിഞ്ചാൻകുട്ടി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മഴയ്ക്ക് ശമനം ഉണ്ടായതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് വെള്ളക്കെട്ടിൽ അകപ്പെട്ട വാഹനങ്ങൾ മറുകര എത്തിച്ചത്.

രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയെ തുടർന്ന് ഇടമലക്കുടിയിലേക്കുള്ള റോഡ് തകർന്നു. പെട്ടിമുടി മുതൽ ഇഡ്ഡലിപ്പാറ വരെയുള്ള ഏഴര കിലോമീറ്റർ ദൂരത്താണ് റോഡ് പല ഭാഗത്തും തകർന്നത്. പല ഭാഗങ്ങളിലും മണ്ണ് ഒലിച്ചുപോയ അവസ്ഥയിലാണ്. ചില സ്ഥലങ്ങളിൽ ഒഴുകിയെത്തിയ മണ്ണും വലിയ കല്ലുകളും റോഡിൽ കൂടി കിടക്കുകയാണ്.

കൂടാതെ പല സ്ഥലങ്ങളിലും ചെളി നിറഞ്ഞു കിടക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി മൂന്നാറിലേക്ക് ജീപ്പിൽ സഞ്ചരിക്കുന്നവർ റോഡിലെ തടസ്സങ്ങൾ നീക്കം ചെയ്താണ് യാത്ര തുടരുന്നത്. ചെളിയിൽ താഴ്ന്ന് പോകുന്ന ജീപ്പ് ആദിവാസികൾ കയർ കെട്ടിവലിച്ചു കയറ്റുന്നതു പതിവാണ്. രണ്ടാഴ്ചയായി ഇടമലക്കുടിയിൽ അതിശക്തമായ മഴ തുടരുകയാണ്.റോഡുകൾ തകരുന്നതു മൂലം മഴക്കാലത്ത് ഇടമലക്കുടിയിലേക്കുള്ള യാത്ര ഏറെ ദുരിതമാണ്. പെട്ടിമുടി മുതൽ ഇഡ്ഡലിപ്പാറ വരെയുള്ള 7.2 കിലോമീറ്റർ ദൂരം പുതിയ റോഡ് നിർമിക്കുന്നതിനായി സർക്കാർ 13.70 കോടി രൂപ അനുവദിച്ചെങ്കിലും പ്രാരംഭ നടപടി പോലും തുടങ്ങിയില്ല.

ലോറേഞ്ച് മേഖലകളിൽ ഉച്ചകഴിഞ്ഞ് ശക്തമായ മഴയായിരുന്നു. മങ്ങാട്ടുകവല കാരിക്കോട് റോഡ് ഉൾപ്പെടെ പല റോഡുകളിലും വെള്ളമുയർന്നത് ഗതാഗതം ദുഷ്കരമാക്കി. തൊടുപുഴ മേഖലയിൽ വൈകിട്ടും മഴയ്ക്ക് പൂർണ ശമനമായിട്ടില്ല. അടിമാലി, മൂന്നാർ മേഖലകളിൽ ഉച്ചയ്ക്കു ശേഷം കനത്ത മഴയായിരുന്നു. പീരുമേട്, വണ്ടിപ്പെരിയാർ, ഏലപ്പാറ മേഖലയിൽ ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച മഴ ഏറിയും കുറഞ്ഞും രാത്രി വൈകിയും തുടരുകയാണ്.

മഴ നീണ്ടുനിന്നാൽ പെരിയാർ കൈത്തോട്ടിൽ വെള്ളമുയർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുമോ എന്ന ആശങ്കയുണ്ട്. കട്ടപ്പന മേഖലയിൽ ഉച്ചയോടെ ആരംഭിച്ച മഴ ഇടവിട്ട് തുടരുകയാണ്. കുമളിയിൽ അത്ര ശക്തമല്ലെങ്കിലും ഇടവിട്ട് മഴ പെയ്തു. ചെറുതോണി ഉൾപ്പെടെ ജില്ലാ ആസ്ഥാന മേഖലയിലും, നെടുങ്കണ്ടം, രാജകുമാരി, രാജാക്കാട് തുടങ്ങിയ സ്ഥലങ്ങളിലും ഉച്ചയ്ക്കു ശേഷം കനത്ത മഴയായിരുന്നു.