അറബിക്കടലിൽ ചക്രവാതച്ചുഴി; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപംകൊണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക മഴ. 12 ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടും മഴ മുന്നറിയിപ്പില്ല. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരത്ത് മലയോരമേഖലയില്‍ കനത്തമഴ പെയ്യുകയാണ്. ചുള്ളിമാനൂര്‍ വഞ്ചുവത്ത് മണ്ണിടിഞ്ഞ് തിരുവനന്തപുരം–ചെങ്കോട്ട ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു 20 അടി ഉയരമുള്ള മണ്‍തിട്ട ഇടിഞ്ഞത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പത്തനംതിട്ട ജില്ലയിലും പലയിടത്തും കനത്ത മഴ തുടരുകയാണ്. പമ്പയിലും സന്നിധാനത്തും ഇന്നലെ ഉച്ച മുതല്‍ കനത്ത മഴയുണ്ട്. ആലപ്പുഴയിലും കൊല്ലത്തും ഇന്നലെ വൈകിട്ട് മുതല്‍ ഇടവിട്ട് പെയ്ത കനത്ത മഴയ്ക്ക് അല്‍പം ശമനമുണ്ട്. കുട്ടനാട്ടില്‍ രണ്ടാംകൃഷിയുടെ വിളവെടുപ്പിനെ മഴ ബാധിക്കും.