ചടങ്ങുകളിലൊതുങ്ങി ചമ്പക്കുളം മൂലം ജലോല്‍സവം; ആവേശത്തിന്റെ ആർപ്പോ വിളി

കേരളത്തിലെ വള്ളംകളി സീസണ്  തുടക്കംകുറിക്കുന്ന ചമ്പക്കുളം മൂലം ജലോല്‍സവം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആചാരപരമായ ചടങ്ങുകളിലൊതുങ്ങി. 

ഐതീഹ്യപെരുമയുള്ള മൂലം ജലോല്‍സവം അമ്പലപ്പുഴ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്.മതസൗഹാര്‍ദത്തിന്‍റെ ഉല്‍സവമെന്നുകൂടി വിശേഷണമുള്ള മൂലം ജലമേളയില്‍ മത്സരവള്ളംകളി ഒഴിവായെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ലഅമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം കുറിച്ചി കരിങ്കുളം ക്ഷേത്രത്തില്‍ നിന്നും ജലമാര്‍ഗം എത്തിച്ചതുമായി ബന്ധപ്പെട്ടാണ് ചമ്പക്കുളംമൂലം  വള്ളകളിയുടെ ചരിത്രം. കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നുവെങ്കിലും പമ്പയാറിന്റെ തീരത്ത് ഒന്നിച്ചുചേര്‍ന്ന വള്ളംകളിപ്രേമികള്‍ ആവേശം ഒട്ടും കുറച്ചില്ല.

 അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്നുള്ള സംഘം ചമ്പക്കുളം മഠം ക്ഷേത്രക്കടവിലെത്തി.തുടര്‍ന്ന്  ക്ഷേത്രത്തില്‍ കാഴ്ചകളര്‍പ്പിച്ച് പ്രസാദം സ്വീകരിച്ചു.തുടര്‍ന്ന് വ​ഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ പണ്ട് വിഗ്രഹം സൂക്ഷിച്ചിരുന്ന മാപ്പിളശേരി തറവാട്ടിലേക്ക് പോയി. ജലോല്‍സവകമ്മിറ്റി ഭാരവാഹിയായ ജോപ്പന്‍ ജോയി വാരിക്കാട്ടിന്‍റെ നേതൃത്വത്തില്‍ എട്ടംഗസംഘം ചുരുളന്‍വള്ളത്തില്‍ തുഴയെറിഞ്ഞു പമ്പയാറ്റിലൂടെ സംഘത്തോടൊപ്പം ചേര്‍ന്നു. മാപ്പിളശേരി തറവാട്ടില്‍  സെബാസ്റ്റ്യന്‍ മാപ്പിളശേരിയുടെ നേതൃത്വത്തില്‍  സംഘത്തെ സ്വീകരിച്ചു.അമ്പലപ്പുഴ പാല്‍പായസവും  പ്രസാദവും നല്‍കി,  വിഗ്രഹം സൂക്ഷിച്ച മുറിയില്‍ പ്രാര്‍ഥന നടത്തി. മാപ്പിളശേരിയില്‍ നിന്ന് ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്‍റ് മേരിസ് ബസലിക്കയെത്തിയ സംഘത്തെ  റെക്ടര്‍ ഫാ.ഗ്രിഗറി ഓണംകുളം  സ്വീകരിച്ചു