പുന്നമട ഒരുങ്ങി; കായലിൽ ഇനി ആവേശക്കുതിപ്പിന്റെ കാഴ്ചകൾ

പുന്നമടക്കായലിൽ ആരവമുയരാൻ മണിക്കൂറുകൾ മാത്രം. നാളെ നടക്കുന്ന 68-ാം നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളാണ് നെഹ്റു ട്രോഫി ജലമേളയിൽ മൽസരിക്കുന്നത്. 

രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം വരുന്ന നെഹ്റു ട്രോഫി ജലമേളയ്ക്ക് പുന്നമട ഒരുങ്ങി. നാളെ കായലിൽ ആവേശക്കുതിപ്പിന് ചുണ്ടൻ അടക്കമുള്ള വള്ളങ്ങളും തായാറെടുത്തു കഴിഞ്ഞു. കോവി ഡ് തീർത്ത പ്രതിസന്ധിക്കുശേഷം എത്തുന്ന നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശം പതിവിലേറെയുണ്ട്. 20 ചുണ്ടൻവള്ളങ്ങളടക്കം 77 കളിവള്ളങ്ങൾ 9 വിഭാഗങ്ങളിലായി ജലമേളയിൽ പങ്കെടുക്കും. രാവിലെ 11 ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്യും.

സുരക്ഷയ്ക്കും ട്രാഫിക് ക്രമീകരണങ്ങൾക്കുമായി  20 DySP മാരുടെ നേത്യത്വത്തിൽ രണ്ടായിരം പൊലീസുകാരെ വിന്യസിക്കും. 15 സെക്ടറുകളായി തിരിച്ചാണ് ക്രമീകരണം. ഉദ്ഘാടന സമ്മേളനത്തിനു ശേഷം 5 ഹീറ്റ്സുകളിലായി ചുണ്ടൻ വള്ളങ്ങളുടെ മൽസരം നടക്കും. മികച്ച സമയം കുറിക്കുന്ന നാല് വള്ളങ്ങൾ നെഹ്റു ട്രോഫിക്കായുള്ള ഫൈനൽ പോരാട്ടത്തിന് ഇറങ്ങും