മൂന്നു വര്‍ഷത്തെ ഇടവേള; നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബറില്‍; കാത്തിരിപ്പിന് വിരാമം

മൂന്നു വര്‍ഷത്തെ  ഇടവേളയ്ക്കുശേഷം ആലപ്പുഴ പുന്നമടക്കായലില്‍ വീണ്ടും നെഹ്റുട്രോഫി  വള്ളംകളിയെത്തുന്നു.ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി ജലമേള പുന്നമടക്കായലിൽ സെപ്റ്റംബർ നാലിന് നടത്താനാണ് ധാരണ. കായല്‍ ടൂറിസത്തിന്‍റെ  വളര്‍ച്ചയ്ക്ക് വള്ളംകളി ഉത്തേജനം പകരും . 

കോവിഡും വെള്ളപ്പൊക്കവും തീര്‍ത്ത  മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുന്നമടക്കായലിലെ ഓളപ്പരപ്പില്‍ നെഹ്റുട്രോഫി വള്ളംകളിയെത്തുന്നത്. കരക്കാര്‍ക്കും ബോട്ട് ക്ലബുകള്‍ക്കും ഇനി ഒരുക്കത്തിന്‍റെയും പരിശീലനത്തിന്‍റെയും നാളുകള്‍. കുട്ടനാടിന്‍റെ കൈക്കരുത്തും മെയ്ക്കരുത്തും പുന്നമടയില്‍ ദൃശ്യമാകും 

സെപ്റ്റംബര്‍ നാലിന്  വള്ളംകളി നടത്താന്‍ പിപി ചിത്തര‍​ഞ്ജന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തീയതിക്ക് അന്തിമ അംഗീകാരം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്.

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രാഥമിക മൽസരങ്ങൾ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തും.തളര്‍ന്നു കിടക്കുന്ന കായല്‍ ടൂറിസം മേഖലയക്ക് വള്ളകളിയെത്തുന്നതോടെ കൂടുതല്‍ ഉണര്‍വ് ലഭിക്കും.

നേരത്തെ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്. ചമ്പക്കുളത്താറ്റില്‍ നടക്കുന്ന വള്ളംകളിയോടെയാണ് ജലോത്സവ സീസണ് തുടക്കമാകുന്നത്.