മരംമുറി കേസിലെ സാക്ഷിയുടെ മരണം; കുറ്റാരോപിതരെ സംരക്ഷിക്കാന്‍ നീക്കം

തൃശൂര്‍ മാന്ദാമംഗലത്തെ മരംമുറി കേസിലെ സാക്ഷി മരിച്ച കേസില്‍ കുറ്റാരോപിതരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ നീക്കം. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ മനുഷ്യാവകാശ സംഘടന തീരുമാനിച്ചു. 

2017 ജുലൈയിലാണ് മാന്ദാമംഗലം സ്വദേശി ബൈജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാന്ദാമംഗലത്ത് മൂന്നരക്കോടി രൂപയുടെ മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ സാക്ഷിയായിരുന്നു ബൈജു. ഫോറസ്റ്റ് സ്റ്റേഷനില്‍ ഹാജരായ ബൈജു ഉദ്യോഗസ്ഥരുടെ മാനസിക പീഢനംമൂലം മരിച്ചെന്നായിരുന്നു ആരോപണം. ബൈജുവിന്റെ മരണത്തിലും ദുരൂഹതകളുണ്ടായിരുന്നു. റേഞ്ച് ഓഫിസര്‍ക്കും ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്കും ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ക്കും എതിരെയായിരുന്നു ആരോപണം. പൊലീസിന്റെ അന്വേഷണത്തില്‍ മൂവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് ഡി.ജി.പി., വനംവകുപ്പ് മേധാവിയ്ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബൈജുവിന്റെ മരണത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിലും നിയമനടപടി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് നിയമോപദേശത്തിന് വിട്ടിട്ട് എട്ടു മാസമായി. കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് മനുഷ്യാവകാശ സംഘടന ആരോപിച്ചു.

വനംവകുപ്പിന്റെ ഫ്ളയിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തില്‍ മുപ്പത്തിയേഴര ലക്ഷം രൂപയുടെ മരങ്ങള്‍ മുറിച്ചു കടത്തിയതായി കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും വനംവകുപ്പ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയെന്നാണ് ആരോപണം.