വിനോദ സഞ്ചാരികളില്ല; മൂന്നാറിലെ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും പ്രതിസന്ധിയില്‍

ലോക്ഡൗണില്‍ വിനോദ സഞ്ചാരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ മൂന്നാറിലെ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും വീണ്ടും പ്രതിസന്ധിയില്‍. വരുമാനം ഇല്ലാതിരിക്കെ നല്‍കേണ്ടിവരുന്ന വൈദ്യുതി ചാര്‍ജും മറ്റ് നികുതികളും നടത്തിപ്പുകാര്‍ക്ക് അധിക ഭാരമാണ്. സാമ്പത്തികമായി ഇളവ് അനുവദിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. 

സഞ്ചാരികളില്ലാതായതോടെ തെരുവുകള്‍ നിശ്ചലമായി. റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും വന്‍ പ്രതിസന്ധിയിലാണ് പതിച്ചിരിക്കുന്നത്. ദിവസേനയുള്ള ചെലവുകള്‍ക്ക് പോലും പണമിട്ടാതെ നട്ടം തിരിയുകയാണ് ചെറുകിട റിസോര്‍ട്ട് ഉടമകള്‍. വരുമാനം ഇല്ലാത്തപ്പോള്‍ നല്‍കേണ്ടിവരുന്ന നികുതികള്‍ സര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. 

നിയന്ത്രണങ്ങള്‍ക്ക് നേരിയ ഇളവ് ലഭിച്ചാല്‍ പോലും വിനോദ സഞ്ചാരമേഖല സജീവമാകാന്‍ പിന്നെയും കാത്തിരിക്കേണ്ടി വരുമെന്നിരിക്കെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആശ്വാസകരമായ ഇടപെടല്‍ ഉണ്ടാകണമെന്ന പ്രതീക്ഷയിലാണിവര്‍.