മനം നിറയ്ക്കും കാഴ്ച; പക്ഷെ മനം മടുക്കും യാത്ര; ടൂറിസം കേന്ദ്രത്തിന് ദുരവസ്ഥ

വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കി കുമളി ഒട്ടകത്തലമേടിലേക്കുള്ള യാത്രാ ദുരിതത്തിന് കാലങ്ങളായി പരിഹാരമില്ല. പ്രകൃതി മനോഹരമായ സ്ഥലമാണെങ്കിലും ഇവിടേയ്ക്കുള്ള റോഡിന്റെ അവസ്ഥ പരിതാപകരമാണ്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡിന്റെ സ്ഥിതിയാണിത്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര കാലങ്ങളായുള്ള പ്രശ്നമാണെങ്കിലും പരിഹരിക്കാന്‍ നടപടിയില്ല.

കുമളിയിൽ നിന്ന് കട്ടപ്പനയ്ക്കുള്ള പഴയ അഞ്ചൽ റോഡിന്റെ ഭാഗമാണ് ഒന്നാം മൈൽ - ഒട്ടകത്തലമേട് റോഡ്. 2017ൽ ജില്ലാ പഞ്ചായത്ത് 50 ലക്ഷം ഫണ്ട് അനുവദിച്ചെങ്കിലും പണികൾ പാതിവഴിയില്‍ മുടങ്ങി. വിനോദ സഞ്ചാരികൾക്ക് പുറമെ, ഇവിടെയുള്ള നാട്ടുകാരുടെയും ഏക ആശ്രയമാണ് ഈ റോഡ്. റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.