നാട്ടു തോടുകൾ മനോഹരമാക്കി വൈക്കത്ത് വാട്ടർ സ്ട്രീറ്റ് തുറന്നു; സഞ്ചാരികൾക്ക് യാത്ര ചെയ്യാം

ഉത്തരവാദിത്വ ടൂറിസത്തിൻ്റെ ഭാഗമായി വൈക്കം മറവൻതുരുത്തിൽ വാട്ടർ സ്ട്രീറ്റ് തുറന്നു. പഞ്ചായത്തിലെ പതിനഞ്ചോളം നാട്ടു തോടുകൾ വൃത്തിയാക്കി സഞ്ചാരികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതാണ് പദ്ധതി. മന്ത്രി മുഹമ്മദ് റിയാസ് സ്ട്രീറ്റ് നാടിന് തുറന്നു കൊടുത്തു

സംസ്ഥാനത്ത് പത്ത് പഞ്ചായത്തുകളിലാണ് ഉത്തരവാദിത്വ ടൂറിസത്തിൻ്റെ ഭാഗമായി വാട്ടർ സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമങ്ങളിൽ ആഴം കുറഞ്ഞ് വൃത്തിഹീനമായി കിടക്കുന്ന നാട്ടു തോടുകൾ മനോഹരമാക്കി വിനോദ സഞ്ചാരികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതാണ് പദ്ധതി. മറവന്തുരുത്തിനെ സുസ്ഥിര വിനോദ സഞ്ചാര വികസനത്തിന്റെ കേന്ദ്രമാക്കാനാണ് തീരുമാനം. ഇവിടെ ഫ്ളോട്ടിംഗ് ബോട്ട് ജെട്ടി നിർമ്മിച്ച് പുഴയിലും നാട്ടു തോടുകളിലൂമൂടെ സഞ്ചരിച്ച് ഗ്രാമ ജീവിതം അനുഭവിച്ചറിയാൻ സഞ്ചാരികൾക്ക് സൗകര്യമൊരുക്കും. ടൂറിസം കൊണ്ട് പ്രദേശവാസികൾക്ക് കൂടി പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. 

ഓരോ പ്രദേശത്തും സാദ്ധ്യതക്കനുസരിച്ച് ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്,  അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്,ആര്‍ട്ട് സ്ട്രീറ്റ്  എന്നിങ്ങനെ പത്തോളം സ്ട്രീറ്റുകൾ ഒരുക്കാനാണ് തീരുമാനം.  ടൂറിസം കേന്ദ്രങ്ങളിലെ തിരക്ക്  കുറച്ചു സ്ഥലത്ത് മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതി മാറ്റി സമീപ പ്രദേശങ്ങളിൽക്കൂടി ടൂറിസം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിർത്തുന്നത് കൂടിയാണ് പദ്ധതിയെന്നും ടൂറിസം വകുപ്പ് അവകാശപ്പെടുന്നു.