കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഭൂമി ടൂറിസം വകുപ്പിന് കൈമാറണം; സര്‍ക്കാരിനോട് പികെ ശശി

ദേശീയപാതയോരത്തെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് പ്രധാന ഇടങ്ങളിലെ ഭൂമി ടൂറിസം വകുപ്പിന് കൈമാറാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ.ശശി. ചെറിയ തുകയില്‍ ഈ സ്ഥലങ്ങളില്‍ യാത്രികര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍‍ കഴിയും. വിദേശ സഞ്ചാരികളെ കൂടുതല്‍ എത്തിക്കുന്നതിനൊപ്പം ഉത്തരവാദിത്ത ടൂറിസം വിപുലമാക്കാനുള്ള ശ്രമം തുടങ്ങിയതായും പി.കെ.ശശി പാലക്കാട് പറഞ്ഞു. 

ദീര്‍ഘദൂര യാത്രികരെ ലക്ഷ്യമിട്ടാണ് പദ്ധതി. പ്രധാന ഇടങ്ങളിലെ കൈയ്യേറ്റമൊഴിപ്പിച്ച് സ്ഥലം വിനോദസഞ്ചാര വകുപ്പിന് കൈമാറിയാല്‍ മികച്ചനിലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനാകും. ചെറിയ തുകയില്‍ തൃപ്തിയുള്ള സേവനം നല്‍കുകയാണ് ലക്ഷ്യം. 

വിദേശ സഞ്ചാരികളെ കോവിഡ് മാനദണ്ഡം പാലിച്ച് സംസ്ഥാനത്തെത്തിക്കും. സാഹസിക ടൂറിസവും സാംസ്ക്കാരിക ഗ്രാമങ്ങളും വിപുലീകരിക്കും. സാധാരണക്കാര്‍ക്ക് പ്രയോജനം കിട്ടുന്ന മട്ടില്‍ ഉത്തരവാദിത്ത ടൂറിസം നടപ്പാക്കും.

അടുത്തയാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ കോവിഡ് ഇളവുകള്‍ ടൂറിസം മേഖലയ്ക്ക് ഏതൊക്കെ തരത്തില്‍ പ്രയോജനപ്പെടുത്താം എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും കെ.ടി.ഡി.സി ചെയര്‍മാന്‍ പറഞ്ഞു.