ഒഴിഞ്ഞ് നിരത്തുകൾ; സഹകരിച്ച് ജനം; ലോക് ഡൗൺ സമാന നിയന്ത്രണം തുടരുന്നു

സംസ്ഥാനത്തെ ലോക് ഡൗൺ സമാന നിയന്ത്രണം തുടരുന്നു. അവശ്യ സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. പൊലീസ്  പരിശോധനയും ഉണ്ടായിരുന്നു.  നിയന്ത്രണത്തോട് പൊതുജനവും സഹകരിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്നു ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണത്തോട് ഇന്നും പൊതുജനം സഹകരിച്ചു. എല്ലായിടത്തും പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. തെക്കന്‍ കേരളത്തിലും ലോക്ക്ഡൗണ്‍ നിയന്ത്രണം പൂര്‍ണമായിരുന്നു. രാവിലെ മുതല്‍ പരിശോധനയില്‍ അവശ്യയാത്രകളൊഴികെയുള്ള യാത്രകള്‍ പൊലീസ് അനുവദിച്ചില്ല. നിയന്ത്രണം തെറ്റിച്ച് പുറത്തിറങ്ങിയ അന്‍പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ ചടങ്ങുകളില്‍ ആള്‍ക്കൂട്ടം ഉണ്ടായാല്‍ കേസെടുക്കുമെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോഴിക്കോട് അടക്കമുള്ള വടക്കന്‍ ജില്ലകളിലും അത്യാവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങിയത്. സത്യവാങ്മൂലം ഇല്ലാതെ എത്തിയവരെ പൊലിസ് തടഞ്ഞ് തിരിച്ചയച്ചു. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി. നടത്തിയ ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാര്‍ കുറവാണ്. മധ്യകേരളത്തിലും ഞായറാഴ്ച ലോക്ഡൗൺ പൂർണമാണ്. അവശ്യ സർവീസുകളും വിവാഹം പോലുള്ള കാര്യങ്ങൾക്ക് പോകുന്നവരും മാത്രമാണ് നിരത്തിലിറങ്ങിയത്. റോഡുകളിൽ അപൂർവം വാഹനങ്ങൾ മാത്രമാണ് ഇറങ്ങിയത്. ആരാധനാലയങ്ങളിൽ സർക്കാർ നിർദേശപ്രകാരമുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. പള്ളികളിലെ ആരാധനയ്ക്ക് അനുമതി നൽകണമെന്ന് സഭകൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇരുപത് പേരെ പങ്കെടുപ്പിക്കാൻ അനുമതി നൽകിയത്. കടകൾ രാവിലെ ഏഴു മുതൽ 9 വരെ പ്രവർത്തിപ്പിക്കാം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ലെങ്കിലും ടേക്ക് എവേ കൗണ്ടറുകള്‍ അനുവദിച്ചിരുന്നു. അതിര്‍ത്തി ജില്ലകളിലും പരിശോധന കര്‍ശനമാക്കിയിരുന്നു