കോവിഡ് രൂക്ഷം; യൂറോപ്പിൽ ലോക്ഡൗൺ; പ്രതിഷേധം ശക്തമാക്കി ജനം

കോവിഡ് വ്യാപനം രൂക്ഷമായ യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നെതര്‍ലന്‍ഡ്സില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. വാക്സീന്‍ നിര്‍ബന്ധമാക്കിയ ഓസ്ട്രിയയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ലണ്ടനില്‍ 40 കഴിഞ്ഞവര്‍ക്ക് വാക്സീന്‍ ബൂസ്റ്റര്‍ ഡോസിന് ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. 

ശൈത്യകാലമെത്തിയതും വാക്സിനോട് ചിലര്‍ മുഖംതിരിച്ചുനില്‍ക്കുന്നതുമാണ് യൂറോപ്പില്‍ കോവിഡ് വ്യാപനം കുതിച്ചുയരാന്‍ കാരണം. ജര്‍മനിയടക്കം പല രാജ്യങ്ങളിലും ദിവസവും അറുപതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യയും വന്‍തോതില്‍ ഉയര്‍ന്നതോടെ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വാക്സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളിലും പൊതു പരിപാടികളിലും വിലക്കേര്‍പ്പെടുത്താനുള്ള തീരുമാമാണ് പ്രതിഷേധത്തിന് കാരണമായത്.  ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ നെതര്‍ലന്‍ഡ്സില്‍  റോട്ടര്‍ഡാമിലാണ് ആദ്യം ജനങ്ങള്‍ നിരത്തിലിറങ്ങിയത്.  അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിടാന്‍ പൊലീസ് വെടിയുതിര്‍ത്തിരുന്നു. മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും 51 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ഹേഗില്‍ പൊലീസിനുനേരെ പ്രതിഷധക്കാര്‍ കല്ലെറിഞ്ഞതോടെ ജലപീരങ്കി പ്രയോഗിച്ചു. ഓസ്ട്രിയയിലെ ലോക്ഡൗണിനെതിരെ വിയന്നയില്‍ നൂറുകണക്കിനാളുകള്‍ തെരുവിലിറങ്ഹി.  ജര്‍മനി വാക്സിനേടുക്കാത്തവരെ പൊതുപരിപാടികളില്‍ നിന്ന് വിലക്കി.  ചെക്ക് റിപ്പബ്ളിക് പല നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്വിറ്റ്സര്‍ലന്‍ഡ്, ക്രൊയേഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലറങ്ങി.