അങ്കമാലിയിൽ അപകടകെണിയൊരുക്കി കുഴികൾ; കണ്ണടച്ച് അധികൃതർ

അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ജംഗ്ഷനില്‍ അപകടകെണിയൊരുക്കി കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ കുഴികള്‍. അപകടം പതിവായിട്ടും ജല അതോറിറ്റിയും, പൊതുമരാമത്ത് വിഭാഗവും ഒന്നും അറിഞ്ഞില്ലെന്ന മട്ടിലും. 

രണ്ട് മാസം മുന്‍പാണ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ജംഗ്ഷന് സമീപം പലയിടങ്ങളിലായി കുടിവെള്ള പൈപ്പ് പൊട്ടി റോഡില്‍ കുഴികളുണ്ടായത്. ക്യാംപ് ഷെഡ് റോഡിലും, എം സി റോഡിലും ഇത് കാരണവും അപകടങ്ങളും ഗതാഗതകുരുക്കും പതിവാണ്. കണ്ടെയ്നര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍ പെടുന്നതും. കഴിഞ്ഞ ദിവസം ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റയാള്‍ ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ ചിലര്‍ ചേര്‍ന്ന് കുഴിയടക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇപ്പോള്‍ കൂനിന്‍മേല്‍ കുരുവെന്ന അവസ്ഥയിലുമായി.

മെറ്റലും ടാറും ഉപയോഗിച്ച് ചില കുഴികള്‍ മൂടിയപ്പോള്‍ അത് വലിയ കൂനയായി മാറി. ഹൈ സ്പീഡിലെത്തുന്ന ഇരുചക്രവാഹനങ്ങള്‍ ഈ കൂനിയില്‍ കയറി മറയാനും തുടങ്ങി. ജല അതോറിറ്റിയും, പൊതുമരാമത്ത് വിഭാഗവും അറ്റകുറ്റപണികള്‍ നടത്തി ഈ റോഡ് പൂര്‍വസ്ഥിതിയിലാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.