ബ്രഹ്മപുരം പ്ലാന്‍റിലെ തുടർ തീപിടുത്തങ്ങൾ; കോർപറേഷനെതിരെ അഗ്നിശമന സേന

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തുടര്‍ തീപിടുത്തങ്ങളില്‍ കോര്‍പറേഷനെതിരെ വിമര്‍ശനവുമായി അഗ്നിശമന സേന. മുന്‍വര്‍ഷങ്ങളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതാണ് തീ പടരാനിടയാക്കുന്നതെന്നാണ് വിമര്‍ശനം. വെള്ളം എല്ലായിടത്തും എത്തിക്കുന്നതിനുള്ള സംവിധാനംപോലും ഇതുവരെ ഒരുക്കിയിട്ടില്ല.

ബ്രഹ്മപുരത്തുണ്ടാകുന്ന തീപിടുത്തം നിയന്ത്രിക്കാന്‍ അഗ്നിശമനസേന നല്‍കിയ നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇതായിരുന്നു. സ്ഥിരം ഫയര്‍ ഹൈഡ്രന്റ് സംവിധാനം. ഏക്കറുകണക്കിന് സ്ഥലത്ത് പടര്‍ന്നുകിടക്കുന്ന മാലിന്യസംഭരണ േകന്ദ്രം വിവിധ ഭാഗങ്ങളായി തിരിച്ച് മണ്ണിട്ട് റോഡ് സൗകര്യം ഒരുക്കണമെന്നും അഗ്നിശമന സേന നിര്‍ദേശിച്ചിരുന്നു. വേര്‍തിരിക്കുന്ന എല്ലാ ഭാഗങ്ങളിലേക്കും പ്രത്യേകം ഫയര്‍ ഹൈഡ്രന്റ് സംവിധാനം ഒരുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചില ഭാഗങ്ങളില്‍ മാത്രം വിരലിലെണ്ണാവുന്ന പൈപ്പ് സംവിധാനമാണ് ഒരുക്കിയത്. അതും അഗ്നിശമനസേനയുടെ ഹോസുകള്‍ ഘടിപ്പിക്കുന്ന സംവിധാനം ഇല്ലാതെ. അതുകൊണ്ടുതന്നെ ഉള്ള പൈപ്പില്‍നിന്ന് വട്ടംകറക്കി വെള്ളം ചീറ്റിക്കാന്‍ മാത്രമേ സാധിക്കൂ. ഇന്നലെ തീ പടര്‍ന്നയുടന്‍ ഹൈഡ്രന്‍റ് പ്രവര്‍ത്തിച്ചതുമില്ല. മൂന്നുമണിക്കൂറിനുശേഷമാണ് സംവിധാനം പ്രവര്‍ത്തനക്ഷമമായത്.

പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യമലകളുടെ അടിത്തട്ടിലേക്ക് പടരുന്ന തീ ദിവസങ്ങളെടുത്താണ് അണയ്ക്കുന്നത്. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ 

ഒരു പരിധിക്കപ്പുറം ഉയരത്തില്‍ മാലിന്യം കൂട്ടിയിടരുതെന്നും അഗ്നിശമനസേന നിര്‍ദേശിച്ചിരുന്നു. ഇതും നടപ്പായിട്ടില്ല.