12 വർഷം മുൻപ് ഏറ്റെടുത്ത ഭൂമിക്ക് ന്യായവില നല്‍കിയില്ല; നിരത്തിലിറങ്ങി കർഷകർ

പന്ത്രണ്ട് വര്‍ഷം മുന്‍പ് കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുത്ത കൃഷിഭൂമിയ്ക്ക് ന്യായവില നല്‍കാത്തതില്‍ കര്‍ഷകരുടെ പ്രതിഷേധം. കോഴിക്കോട് രാമനാട്ടുകരയിലെ തൊണ്ണൂറിലധികം കുടുംബങ്ങളുടെ പ്രതിനിധികളാണ് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണയിരുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നഷ്ടപരിഹാരം നല്‍കാതെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. 

കോവിഡും തിരഞ്ഞെടുപ്പ് വിഞ്ജാപനവുമല്ല ഇവരെ അലട്ടുന്നത്. കിടപ്പാടം നഷ്ടമായവര്‍ക്ക് വാടകയെങ്കിലും മുടങ്ങാതെ നല്‍കാനാകണം. മക്കളുടെ പഠനം, വിവാഹം തുടങ്ങി സകലതും തടസപ്പെട്ടവരുമേറെ. ന്യായവിലയുടെ ബാക്കി കിട്ടാതെ വന്നാല്‍ ഇവര്‍ ഇനിയും നിരത്തിലിറങ്ങും. സമരമിരിക്കും. മറ്റ് മാര്‍ഗമില്ല. 

2008 ലാണ് രാമനാട്ടുകരയില്‍ കിന്‍ഫ്ര പാര്‍ക്കിനായി എണ്‍പതിലധികം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. 2010 ല്‍ ഭൂമിയുടെ ന്യായവിലയില്‍ പത്തിലൊന്ന് നല്‍കി. കര്‍ഷകരുടെ നേതൃത്വത്തിലുള്ള നിയമനടപടികള്‍ പലപ്പോഴും സര്‍ക്കാര്‍ എതിര്‍വാദമുയര്‍ത്തി തടസപ്പെടുത്തി. ചില കുടുംബങ്ങള്‍ക്ക് ഏറെ വൈകി കുറച്ച് കൂടി തുക ലഭിച്ചു. വിഷയം രമ്യതയില്‍ പരിഹരിക്കാന്‍ രണ്ട് വര്‍ഷം മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പണം നല്‍കാതെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പണം ലഭിക്കാനുള്ളതില്‍ എട്ടുപേര്‍ നിയമനടപടി നീളുന്നതിനിടെ മരിച്ചു. മറ്റുള്ളവരില്‍ ഭൂരിഭാഗം ആളുകളും അറുപതിന് മുകളില്‍ പ്രായമുള്ളവരാണ്. നിയനടപടി ഒഴിവാക്കി പണം കൈമാറാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കിന്‍ഫ്രയുടെ മുന്നിലെ സമരം സെക്രട്ടേറിയറ്റിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് കര്‍ഷകരുടെ തീരുമാനം.