87 വർഷം വാടകകെട്ടിടത്തിൽ; സ്കൂളിന്‍റെ ദുരവസ്ഥ പറഞ്ഞ് സ്നേഹ; ഇടപെടുമെന്ന് മന്ത്രി

കവിതചൊല്ലി ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയോട് കവിതയെഴുതിയ വിദ്യാര്‍ഥിനിക്ക് പറയാനുണ്ടായിരുന്നത് പഠിക്കുന്ന സ്കൂളിനെക്കുറിച്ചായിരുന്നു. പാലക്കാട് കുഴല്‍മന്ദം ഗവണ്‍മെന്റ് ഹൈസ്കൂളിനാണ് സ്വന്തമായി കെട്ടിടമില്ലാത്തത്. ഇവിടുത്തെ വിദ്യാര്‍ഥിനി സ്നേഹയുെട കവിത ചൊല്ലിയായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം. 

87 വര്‍ഷമായി വാടകകെട്ടിടത്തിലായ കുഴല്‍മന്ദം ഗവണ്‍മെന്റ് സ്കൂളിനെക്കുറിച്ചാണ് സ്നേഹ പറഞ്ഞത്. സ്കൂളിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ വെളളപ്പാറയില്‍ സ്ഥലം കണ്ടെത്തുകയും സര്‍ക്കാര്‍ മൂന്നുകോടി രൂപ അനുവദിച്ചതുമാണ്. നിര്‍മാണം വേഗത്തിലാക്കണമെന്നാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവശ്യം.

സ്നേഹയുടെ ആവശ്യം അറിഞ്ഞ ധനമന്ത്രി വിഷയത്തില്‍ ഇടപെടുമെന്ന് ഉറപ്പുനല്‍കി. വാടകകെട്ടിടത്തിലെ ശോചനീയവസ്ഥ കണക്കിലെടുത്ത് യുപി, ഹൈസ്കൂള്‍ ക്ളാസുകള്‍ നേരത്തെ കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. എല്‍പി ക്ളാസുകള്‍ മാത്രമാണ് പഴയ സ്കൂള്‍ കെട്ടിടത്തിലുളളത്.