ലക്ഷ്യം യുവ വോട്ടർമാർ; ഒപ്പം ക്ഷേമ പെന്‍ഷനും കിറ്റിന്‍റെ തുടര്‍ച്ചയും

തൊഴില്‍മേഖലയ്ക്കും ഉന്നതവിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനും ഊന്നല്‍ നല്‍കി പതിനെട്ടു കഴിഞ്ഞ പുതിയ വോട്ടര്‍മാരെ ലക്ഷ്യമിടുകയാണ് പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലൂടെ തോമസ് ഐസക്ക്. ക്ഷേമപെന്‍ഷനും സൗജന്യകിറ്റിന്റെ തുടര്‍ച്ചയും അടിസ്ഥാന വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ട്രഷറി സേവിങ്സ് അക്കൗണ്ടിനെതിരെ സി.എ.ജി നീക്കം നടത്തുന്നുവെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വെളിപ്പെടുത്തി. ബഡായി ബജറ്റെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു  

സര്‍ക്കാരിന്റെ ജനകീയ പദ്ധതികള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ ഡ‍ി എഫിന് നേട്ടമുണ്ടാക്കിയതിന്റെ ആവേശം ബജറ്റില്‍ പ്രകടമയായി. ഉമ്മ‍ന്‍ചാണ്ടി സര്‍ക്കാരിന്റെ സംഭാവനകളും കഴിഞ്ഞ നാലുവര്‍ഷം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമവും വിശദമായി പരാമര്‍ശിച്ച് ഭരണനേട്ടത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടായാണ് ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. പ്രകടനപത്രികയില്‍ നിന്ന് ഒരു പടികൂടി കടന്ന് ക്ഷേമപെന്‍ഷന്‍ 1600 രൂപയാക്കിയത് ദുര്‍ബലജനവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ്. തൊഴില്‍ ദാരിദ്ര്യം ഇല്ലാതെയാക്കുമെന്ന മുഖവുരയോടെയുള്ള നടത്തിയ  തൊഴില്‍ അവസര വാഗ്ദാനങ്ങള്‍ യുവവോട്ടര്‍മാരെ ലക്ഷ്യമിട്ടാണ്  

ഉന്നതിവിദ്യാഭ്യാസ രംഗത്ത് ഫെലോഷിപ്പ്, എല്ലാവീട്ടിലും ലാപ്ടോപ്പ്, ആയിരം അധ്യാപകതസ്തിക, സ്റ്റാര്‍ട്ട് അപ്പിനുള്ള ആറിന് പരിപാടി എന്നിവ സര്‍ക്കാരിന്റെ പുതിയ ലക്ഷ്യത്തിന്റെ സൂചനയാണ്.   . റബറിന്റെ താങ്ങുവില,നെല്ല് –നാളികേരം സംഭരണവില വര്‍ധന. മല്‍സ്യതൊഴിലാളികള്‍ക്ക് വീട്, കശുവണ്ടി തൊഴിലാളികള്‍ക്കുമുള്ള ഗ്രാറ്റുവിറ്റി വിതരണം , ലോട്ടറി ഏജന്‍റമാര്‍ക്കുള്ള ക്ഷേമനിധി എന്നിവ അടിസ്ഥാ തൊഴിമേഖലയുടെ പിന്‍തുണ ഉറപ്പിക്കാനാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വാഗ്ദാനം വാരികോരി കൊടുത്തെന്നും കഴി‍ഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടും നടക്കാത്ത പട്ടിക വലുതാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.  

കോവിഡാനന്തര കാലത്ത് ജനങ്ങളുടെ കയ്യില്‍ പണം എത്താനുള്ള പദ്ധതികളൊന്നും ഇല്ലെന്നാണ് പ്രധാന ആരോപണം. മൂന്ന് മണിക്കൂര്‍ 18 മിനിറ്റെടുത്ത ബജറ്റില്‍  സിഎജിക്കെതിരെയും തോമസ് ഐസക്ക്  കടന്നാക്രമിച്ചു.  ജനക്ഷേമം ലക്ഷ്യമിട്ട് പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോഴും കടബാധ്യത കൂടുന്ന സംസ്ഥാനത്തിന് എവിടുന്ന് പണമെന്നത് ബജറ്റ് രാഷ്ട്രീയത്തില്‍ വെല്ലുവിളിയാണ്. സാമ്പത്തിക സ്ഥിതി എന്തുതന്നെയായാലും  തുടര്‍ഭരണം ലക്ഷ്യമിട്ട് നീങ്ങുമ്പോള്‍ വാഗ്ദാനങ്ങള്‍ സര്‍ക്കാരിനെ സഹായിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു