'കാഴ്ച പരിമിതി' ആയില്ല; സാമൂഹിക ശാസ്ത്രം ക്ലാസ് ഗംഭീരമാക്കി അധ്യാപകൻ

ഡിജിറ്റലായ ക്ലാസില്‍ സാമൂഹിക ശാസ്ത്രം ഗംഭീരമായി അവതരിപ്പിച്ച് കാഴ്ച പരിമിതിയുള്ള അധ്യാപകന്‍. എറണാകുളം പഴന്തോട്ടം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനായ കെ.പി.അനില്‍ ബാബുവാണ് വിക്ടേഴ്സ് ചാനലില്‍ ഒന്‍പതാംക്ലാസിലെ പാഠഭാഗങ്ങളെടുത്തത്.

അസാധാരണത്വമില്ലാതെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും ഭംഗിയായി ക്ലാസെടുത്തതിന്റെ ത്രില്ലിലാണ് ഈ അധ്യാപകന്‍. ഒരു കൈ അകലത്തിലുണ്ടായിരുന്ന കുട്ടികളില്‍നിന്ന് വ്യത്യസ്തമായി വിളിപ്പാടകലെയിരിക്കുന്നവര്‍ക്കുകൂടിവേണ്ടിയെടുത്ത ക്ലാസ്. പുതിയൊരു അധ്യാപനരീതിയിലേക്ക് മാറാന്‍ അനില്‍ ബാബുവെന്ന അധ്യാപകനും ഒരു വിദ്യാര്‍ഥിയായി. മണിക്കൂറുകളെടുത്ത് പാഠഭാഗങ്ങള്‍ മനപ്പാഠമാക്കി. ബ്രെയില്‍ ലിപിയില്‍ നോട്ടുകള്‍ തയാറാക്കി. പലവട്ടം പരിശീലിച്ച് ഉറപ്പിച്ചശേഷമാണ് ക്യാമറയ്ക്കുമുന്നില്‍ ക്ലാസെടുത്തത്.

1994 പഴന്തോട്ടം ഗവ. ഹൈസ്കൂളില്‍നിന്ന് ഏറ്റവും ഉയര്‍ന്ന മാര്‍ക്കുവാങ്ങി എസ്.എസ്.എല്‍.സി പാസായ അനില്‍ ബാബു 2016ലാണ് പഠിച്ച സ്കൂളില്‍തന്നെ അധ്യാപകനായത്.