പൊന്നാനി മഷിയില്‍ ജീവസുറ്റ ചിത്രങ്ങളുമായി താജ് ബക്കർ

പ്രകൃതിദത്തമായ പൊന്നാനി മഷിയില്‍ ജീവസുറ്റ ചിത്രങ്ങളൊരുക്കുകയാണ് മലപ്പുറം പൊന്നാനി സ്വദേശി താജ് ബക്കര്‍. മദ്റസകളില്‍ കുട്ടികളെ ആദ്യക്ഷരമെഴുതിക്കുന്നതിന് ഉപയോഗിച്ചിരുന്ന പൊന്നാനി മഷിയെ ചിത്രകാരന്റെ ആവിഷ്‌ക്കാര മാധ്യമമായി മാറ്റിയിരിക്കുകയാണ് ഈ യുവ കലാകാരന്‍. പൊന്നാനി മഷിയില്‍ താജ് ബക്കര്‍ വരച്ച ചിത്രങ്ങള്‍ ഇങ്ക് ബംഗ്ലാദേശ് ആര്‍ട് പ്രദര്‍ശനത്തിലും ഇടം പിടിച്ചുകഴിഞ്ഞു. 

പരുത്തിക്കായയുടെ തൊലി ഉണക്കിപ്പൊടിച്ച് മരത്തിന്റെ കറ ചേര്‍ത്തുണ്ടാക്കുന്ന ഈ മഷിയായിരുന്നു രണ്ട് പതിറ്റാണ്ട് മുമ്പുവരെ പൊന്നാനിയില്‍ സജീവമായിരുന്ന കൈയെഴുത്തിന് ഉപയോഗിച്ചിരുന്നത്. സവിശേഷമായ ഈ മഷിയാണ് താജ് ബക്കറിന്റെ ചിത്രങ്ങളുടെ സൗന്ദര്യം. കഴിഞ്ഞ മാസം നടന്ന ഇന്‍ക് ടോബര്‍ എന്ന രാജ്യാന്തര ചിത്രരചനമല്‍സരത്തിന്റെ ഭാഗമായാണ് ഇദ്ദേഹം പുതുപരീക്ഷണം നടത്തിയത്. 

വിവിധ രാജ്യങ്ങളില്‍നിന്നായി 59 പേരുടെ ചിത്രങ്ങളാണ് ഇങ്ക് ബംഗ്ലാദേശ് പ്രദര്‍ശനത്തില്‍ തിരഞ്ഞെടുത്തത്. ഇതില്‍ താജ് ബക്കറും ഇടംനേടി. സ്വന്തം നാട്ടില്‍ ലഭ്യമായ ഒന്നിനെ ചിത്രരചനക്കുള്ള മാധ്യമമാക്കി മാറ്റുകയെന്ന ചിന്തയാണ് ഈ മനോഹര ചിത്രങ്ങള്‍ സൃഷ്ടിച്ചത്. ചെലവ് കുറവെന്നതാണ് മഷിയുടെ മറ്റൊരു പ്രത്യേകത. ഏത് തരം ബ്രഷിനും ഈ മഷി വഴങ്ങും.