ആ ചിത്രങ്ങൾക്ക് ജീവന്റെ വില; അർബുദരോഗിക്ക് സഹായമൊരുക്കാൻ നിയമ വിദ്യാർഥി

അര്‍ബുദരോഗിയുടെ തുടര്‍ചികില്‍സയ്ക്ക് സഹായമൊരുക്കാന്‍ ചിത്രപ്രദര്‍ശനവും, വില്‍പനയും നടത്തി ഒരു നിയമ വിദ്യാര്‍ഥി. എറണാകുളം ലോ കോളജിലെ ഒന്നാം വര്‍ഷ എല്‍.എല്‍.എല്‍.ബി വിദ്യാര്‍ഥി അച്യുത ഷേണായ് ആണ് ഉദ്യമത്തിന് പിന്നില്‍. നാല്‍പതു വര്‍ഷമായി ലോ കോളജില്‍ സൈക്കിളില്‍ ചായയും കടിയുമൊക്കെയായി എത്തുന്ന തമിഴ്നാട്ടുകാരന്‍ സുബയ്യയുടെ ഭാര്യ പിച്ചിയമ്മാളിനുവേണ്ടിയാണ് അച്യുത ഷേണായുടെ ധനസമാഹരണം.

ഈ ചിത്രങ്ങള്‍ക്കോരോന്നിനും ഒരു ജീവന്റെ വിലയുണ്ട്. നിങ്ങളിലാരെങ്കിലും  ഇതിലൊന്നുവാങ്ങുമ്പോള്‍ ഒരുജീവന്‍ നിലനിര്‍ത്താനുള്ള ഉദ്യമത്തില്‍ പങ്കാളിയാവുകയാണ്.

ആര്‍ട്ട് ഗ്യാലറിയിലൊന്നുമല്ല, എറണാകുളം ലോ കോളജിനുമുന്നില്‍ വലിച്ചുകെട്ടിയ തുണിയിലാണ് ചിത്രങ്ങള്‍ നിരത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെല്ലാം അറിയാം സുബയ്യയെ, അയാളുടെ ദുരിതത്തെയും. അതറിഞ്ഞാണ് അച്യുത ഷേണായ് ബ്രഷ് എടുത്തതും ആ കുടുംബത്തിനായ് ക്യാന്‍വാസ് ക്ലോത്തില്‍ ചിത്രങ്ങള്‍ തീര്‍ത്തതും. പ്രളയകാലത്ത് ചിത്രകാരനായ അച്ഛന്‍ ദിനേഷ് ആര്‍. ഷേണായ്ക്കൊപ്പം ചേര്‍ന്ന് ചിത്രപ്രദര്‍ശനത്തില്‍ നിന്നു കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെയ്ക്ക് കൈമാറിയിരുന്നു അച്യുത ഷേണായ്.