പ്രകൃതിഭംഗിയും മനുഷ്യ വികാരങ്ങളും ഇഴചേർന്ന വ്യത്യസ്തമായൊരു ചിത്ര പ്രദര്‍ശനം

പ്രകൃതിഭംഗിയും മനുഷ്യ വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന മികച്ച വാര്‍ത്ത ചിത്രങ്ങള്‍. വ്യത്യസ്തമായ വരയിലൂടെ ശ്രദ്ധേയരായ അഞ്ചുപേരുടെ മുപ്പത് ചിത്രങ്ങളാണ് ആർട്ടിസ്ട്രിയിലുള്ളത്. കേരള ചിത്രകല പരിഷത്തിന്റെ നേതൃത്വത്തിൽ മലമ്പുഴ ചിത്രകല അക്കാദമി ഹാളിലാണ് നാല് ദിവസത്തെ പ്രദർശനം.

പ്രകൃതിയുടെ വ്യത്യസ്ത ഭാവങ്ങൾ. മാതൃ വാൽസല്യം. പ്രളയം കവർന്ന മണ്ണിന്റെയും കെട്ടിടങ്ങളുടെയും ബാക്കിപത്രം. ഒരേ വിഷയങ്ങളിൽ ആർജവത്തോടെയും ലാഘവത്തോടെയും പ്രതികരിക്കുന്ന സമൂഹത്തിന്റെ കാഴ്ച. ഓയിൽ പെയിന്റിങിലും, വാട്ടർ കളറിലും, എണ്ണച്ചായത്തിലും അക്രിലിക് കളറിലും വർണ്ണാഭമായി തീർത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 

കോവിഡ് അതിജീവന കാലം പലര്‍ക്കും ഉള്ളിലെ ആശയം ക്യാന്‍വാസിലേക്ക് മാറ്റുന്നതിനുള്ള വ്യഗ്രതയായിരുന്നു. പലരും വ്യത്യസ്ത മേഖലയിലെ തിരക്കൊഴിവാക്കി ചിത്രങ്ങള്‍ക്ക് പൂര്‍ണത നല്‍കി. സിസ്റ്റർ സാന്ദ്ര സോണിയ, അർച്ചന മാനസ്, പ്രീതി പ്രേമചന്ദ്രൻ, ആർ.അനീഷ് കുമാർ, മൈത്രേയി എസ്.ഏറ്റത്ത് എന്നിവരുടെ ജീവസുറ്റ ചിത്രങ്ങളാണ് ആര്‍ട്ടിസ്ട്രിയുടെ ആകര്‍ഷണം. നാളെ വൈകീട്ട് വരെ ചിത്രങ്ങള്‍ കണ്ട് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരമുണ്ടാകും.